ന്യൂഡൽഹി: ഇൻഡിഗോയിൽ വൻ പ്രതിസന്ധി. രാജ്യത്ത് 200ഓളം വിമാനങ്ങൾ റദ്ദാക്കി. ഡൽഹി,മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളിൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
"എയർലൈൻ സംബന്ധമായ പ്രശ്നങ്ങൾ കാരണം മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ചില ഇൻഡിഗോ വിമാനങ്ങൾക്ക് കാലതാമസമോ റദ്ദാക്കലോ ഉണ്ടായേക്കാം. ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് എയർലൈനിൽ നിന്ന് ഏറ്റവും പുതിയ വിമാന സ്റ്റാറ്റസ് നേരിട്ട് പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു," മുംബൈ വിമാനത്താവളം ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇൻഡിഗോ വിമാനങ്ങൾ തുടർച്ചയായി വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ചൊവ്വാഴ്ചയിലെ സർക്കാർ ഡാറ്റ അനുസരിച്ച് ഇൻഡിഗോ ഓൺ-ടൈം പെർഫോമൻസ് 35 ശതമാനമായി കുറഞ്ഞു. 1,400-ൽ അധികം വിമാനങ്ങൾ വൈകിയെന്നാണ് വിവരം. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളെ തുടർന്നുണ്ടായ പൈലറ്റുമാർ അടക്കമുള്ള ജീവനക്കാരുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. കാബിൻ ക്രൂ ലഭ്യമല്ലാത്തതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. എട്ട് മണിക്കൂർ വരെ ചില വിമാനങ്ങൾ വൈകി.
കഴിഞ്ഞ രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി. ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് കമ്പനി ക്ഷമ ചോദിച്ചു. സാങ്കേതിക പിഴവുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വിമാനഗതാഗത സംവിധാനത്തിലെ വർധിച്ച തിരക്ക്, പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കൽ എന്നിവയുൾപ്പെടെ നിരവധി പ്രതീക്ഷിക്കാത്ത പ്രവർത്തനപരമായ വെല്ലുവിളികൾ പ്രവർത്തനങ്ങളിൽ പ്രതികൂലമായി സ്വാധീനം ചെലുത്തി. ഇത് മുൻകൂട്ടി കാണാൻ സാധ്യമല്ലായിരുന്നു. ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
തടസ്സങ്ങൾ പരിഹരിക്കാൻ ഷെഡ്യൂളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ നടപടികൾ അടുത്ത 48 മണിക്കൂർ നേരം നിലനിൽക്കും. ഇത് പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും സമയക്രമം വീണ്ടെടുക്കാനും സഹായിക്കും. ഉപഭോക്താക്കളുടെ അസ്വസ്ഥതകൾ ലഘൂകരിക്കാനും പ്രവർത്തനങ്ങൾ എത്രയും വേഗം സുഗമമാക്കാനും രാവും പകലും പ്രവർത്തിക്കുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി. ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ബദൽ യാത്രാ ക്രമീകരണങ്ങളോ റീഫണ്ടുകളോ ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് https://www.goindigo.in/check-flight-status.htmlൽ പരിശോധിക്കാനും ഇൻഡിഗോ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷയെ ബാധിക്കുന്ന ക്ഷീണം ഒഴിവാക്കാനും വേണ്ടിയാണ് ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ കൊണ്ടുവന്നത്. ഈ നിയമങ്ങൾ അനുസരിച്ച് ഒരു ക്രൂ അംഗത്തിന് ഡ്യൂട്ടിയിലായിരിക്കാൻ കഴിയുന്ന മണിക്കൂറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു. ഇത് ഒരു ദിവസം എട്ട് മണിക്കൂർ, ആഴ്ചയിൽ 35 മണിക്കൂർ, മാസത്തിൽ 125 മണിക്കൂർ, വർഷത്തിൽ 1000 മണിക്കൂർ എന്നിങ്ങനെയാണ് പറക്കൽ പരിമിതപ്പെടുത്തുന്നത്. ഓരോ ക്രൂ അംഗത്തിനും അവരുടെ ഫ്ലൈറ്റ് സമയത്തിൻ്റെ ഇരട്ടി സമയം വിശ്രമം ലഭിക്കണമെന്നും നിർദേശിക്കുന്നു.
Published: 03 Dec 2025, 09:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented