ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികൾക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു. സ്ഥിതിഗതികൾ നിസ്സാരമായി കാണുന്നില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി രാജ്യ സഭയിൽ പറഞ്ഞു. ഇൻഡിഗോയുടെ ആഭ്യന്തര പ്രശ്നം മൂലമാണ് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

“പൈലറ്റുമാരുടേയും യാത്രക്കാരുടേയും ക്രൂ അംഗങ്ങളുടേയും കാര്യത്തിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണെന്ന കാര്യം എല്ലാ വ്യോമയാന കമ്പനികളോടും വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ജോലിക്രമം തീരുമാനിക്കേണ്ടത് ഇൻഡിഗോ ആയിരുന്നു. യാത്രക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിട്ടു. ഇത് നിസ്സാരമായി കാണുന്നില്ല. കടുത്ത നടപടി ഉണ്ടാകും. എല്ലാ വിമാനക്കമ്പനികൾക്കും ഒരു മാതൃക സൃഷ്ടിക്കും. ഏതെങ്കിലും തരത്തിൽ നിയമലംഘനം ഉണ്ടായാൽ നടപടിയെടുക്കും”, മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇൻഡിഗോ വിഷയത്തിൽ കേന്ദ്രം സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അഞ്ച് വിമാനക്കമ്പനികൾ രാജ്യത്ത് ഉണ്ടാകുമെന്ന സൂചനയും മന്ത്രി നൽകി. വ്യോമയാന മേഖലയിൽ കൂടുതൽ പ്രധാനികളെ സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും അഞ്ച് പ്രധാന വിമാനക്കമ്പനികൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കുന്നതിൽ പാളിച്ച വന്നതോടെയാണ് ഇൻഡിഗോ വിമാന സർവീസുകൾ താളം തെറ്റിയത്. നിരവധി യാത്രക്കാരാണ് ഇൻഡിഗോയുടെ വിമാന സർവീസുകൾ റദ്ദാക്കിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. വീഴ്ച സംഭവിച്ചത് ഇൻഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് സിഇഒ പീറ്റർ എൽബേഴ്സ് നേരത്തെ സമ്മതിച്ചിരുന്നു.