ന്യൂഡൽഹി: സേവനമേഖലയിൽ കഴിഞ്ഞ ആറുവർഷത്തിനിടെ നാലുകോടി തൊഴിൽ വർധിച്ചെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. കൃഷി കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിൽനൽകുന്നത് സേവനമേഖലയാണെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം പുറത്തിറക്കിയ ‘ഇന്ത്യാസ് സർവീസസ് സെക്ടർ; ഇൻസൈറ്റ്‌സ് ഫ്രം എംപ്ലോയ്‌മെന്റ് ട്രെൻഡ്‌സ് ആൻഡ് സ്റ്റേറ്റ് ലെവൽ ഡൈനാമിക്‌സ്’ റിപ്പോർട്ടിൽ പറയുന്നു.

To advertise here,

ആഗോളതലത്തിൽ തൊഴിലിന്റെ 50 ശതമാനവും സേവനമേഖലയാണ്. ഇന്ത്യയിലിത് 30 ശതമാനമാണ്. 2023-‘24-ൽ 18.8 കോടി തൊഴിലാളികളാണ് രാജ്യത്തെ സേവനമേഖലയിലുള്ളത്. നഗരങ്ങളിൽ 61 ശതമാനവും ഗ്രാമീണമേഖലകളിൽ 19 ശതമാനവും.

ഗ്രാമങ്ങളിൽ വ്യാപാര, ഗതാഗത, വിദ്യാഭ്യാസ മേഖലയിലാണ് സേവനജോലികൾ. ഫിനാൻസ്, ഐടി, ആരോഗ്യ മേഖലകളിലാണ് നഗരങ്ങളിൽ കൂടുതലും സേവനജോലികൾ. ഗ്രാമീണ, നഗര മേഖലകളിൽ സ്ത്രീകളെക്കാൾ പുരുഷന്മാരുടെ പങ്കാളിത്തമാണ് കൂടുതൽ. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള സാമൂഹികസേവന രംഗങ്ങളിലാണ് സ്ത്രീകളുടെ പങ്കാളിത്തം കൂടുതൽ. 30-44 പ്രായക്കാരാണ് സേവനമേഖലയിൽ ജോലിചെയ്യുന്നതിൽ 74 ശതമാനവും. യുവാക്കളുടെ പ്രാതിനിധ്യം കുറവാണ്. സേവനമേഖലയിലെ ജോലികളുടെ നിലവാരത്തെക്കാൾ വേഗത്തിലാണ് വിദ്യാഭ്യാസയോഗ്യതകൾ വർധിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ‘ഇന്ത്യാസ് സർവീസസ് സെക്ടർ; ഇൻസൈറ്റ്‌സ് ഫ്രം ജിവിഎ ട്രെൻഡ്‌സ് ആൻഡ് സ്റ്റേറ്റ് ലെവൽ ഡൈനാമിക്‌സ്’ എന്ന റിപ്പോർട്ടും സിഇഒ പുറത്തിറക്കി.

കേരളത്തിൽ സേവനമേഖലയിൽ കൂടുതൽ പങ്കാളിത്തം

ദക്ഷിണേന്ത്യയിൽ, വിശേഷിച്ച് കേരളത്തിൽ സേവനമേഖലയിലെ പങ്കാളിത്തം കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. 75 ലക്ഷം ജോലിക്കാരുള്ള കേരളത്തിൽ 48.5 ശതമാനമാണ് സേവനമേഖലയുടെ പങ്ക്. കർണാടകയും തെലങ്കാനയും ആഗോള ഐടി ഹബ്ബുകളാണെങ്കിലും സേവനമേഖലയിൽ യഥാക്രമം 33 ശതമാനം, 34 ശതമാനം പേരേ ജോലിചെയ്യുന്നുള്ളൂ. ദേശീയതലത്തിൽ 29.7 ശതമാനമാണ് സേവനമേഖലയിലെ തൊഴിൽപങ്കാളിത്തം.