20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ പുറത്തിറക്കിയ ശേഷവും 10 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ കമ്പോളത്തിൽ തുടരണമെന്ന് വാഹനനിർമാതാക്കൾ ആവശ്യപ്പെട്ടു. 2021-ൽ പുറത്തിറങ്ങിയ പദ്ധതിയുടെ നിതി ആയോഗ് റോഡ്മാപ്പിലാണ് വാഹനനിർമാതാക്കളുടെ സംഘടനയായ എസ്.ഐ.എ.എം. ( Society of Indian Automobile Manufacturers ) ഇത് ആവശ്യപ്പെട്ടത്. 

To advertise here,

നിലവിൽ നിരത്തിലുള്ള വാഹനങ്ങളുടെ സുരക്ഷ, ഇന്ധനക്ഷമത, സുഗമമായ യാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് വാഹനനിർമാതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. പദ്ധതിക്കായുള്ള നിതി ആയോഗ് റോഡ്മാപ് തയ്യാറാക്കാനായി നടത്തിയ യോഗത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇ20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിന് തകരാറുണ്ടാക്കുന്നു എന്ന വാദം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) അടുത്തിടെ തള്ളിയിരുന്നു; ഇതിനു പിന്നാലെയാണ് വാഹനനിർമ്മാതാക്കളുടെ ആശങ്കകൾ വ്യക്തമാക്കുന്ന ഈ റിപ്പോർട്ട് ചർച്ചയാകുന്നത്

വാഹനിർമാതാക്കൾ ഉയർത്തിയ ആശങ്കകൾ

റിപ്പോർട്ടിന്റെ അനക്സ്ചർ ഡിയിലാണ് പഴയ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സുരക്ഷാ ഗ്രേഡ് ഇന്ധനമായി ഇ10 തുടരണമെന്ന് ആവശ്യപ്പെട്ടത്.

നിലവിലുള്ള വാഹനങ്ങൾക്ക് ഇന്ധനലഭ്യതയും ഉപഭോക്താക്കളിൽ വിശ്വസ്തതയും ഉറപ്പുവരുത്താൻ ഇ10 ഗ്രേഡ് പെട്രോൾ തുടരേണ്ടത് ആവശ്യമാണ്. ഉയർന്ന എഥനോൾ മിശ്രിതത്തിലേക്ക് മാറിയിട്ടും ഈ മാറ്റം നടക്കുന്ന കാലയളവിൽ മറ്റ് രാജ്യങ്ങൾ കുറഞ്ഞ എഥനോൾ മിശ്രിതം ലഭ്യമാക്കിയിരുന്നു. പഴയ വാഹനങ്ങൾ പൊളിച്ചുപണിത് പുതിയ ഇന്ധനത്തിനു അനുയോജ്യമാക്കുന്നത് വലിയ വെല്ലുവിളിയാണെന്നും എസ്.ഐ.എ.എം. പറഞ്ഞു.

നിലവിലുള്ള വാഹനങ്ങളുടെ എണ്ണവും വ്യത്യസ്ത ഘടനകളുള്ള എൻജിനുകളും പൊളിച്ചുപണിയലുകൾക്ക് തടസ്സമാകുന്നു. ഇങ്ങനെ പലതരത്തിലുള്ള വാഹനങ്ങൾക്ക് അപ്‌ഗ്രേഡ് ചെയ്ത ഭാഗങ്ങൾ വെച്ചുപിടിപ്പിക്കുന്നതും അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും പ്രായോഗികമല്ല.

ഇന്ധനക്ഷമതയും സുരക്ഷയും

ഇന്ധനക്ഷമത മാത്രമല്ല സംഘടനയുടെ ആശങ്ക. ഇ10 നിർത്തലാക്കിയാൽ പുതിയ ഇന്ധനം മാത്രം ലഭ്യമാകുന്ന സാഹചര്യത്തിൽ പഴയ വാഹനങ്ങൾ എൻജിൻ ഘടനയുമായി പൊരുത്തപ്പെടാത്ത ഇന്ധനത്തിൽ പ്രവർത്തിക്കാൻ നിർബന്ധിതമാകും. ഇത് ഇന്ധനക്ഷമതയെ മാത്രമല്ല, വാഹനത്തിന്റെ വിവിധഭാഗങ്ങൾ ദ്രവിക്കുന്നതിനും ഇന്ധനച്ചോർച്ചയ്ക്കും കാരണമാകും. ഇത് സുരക്ഷയെയും വാഹനത്തിന്റെ മൈലേജിനെയും സുഗമമായ ഡ്രൈവിങ്ങിനെയും ബാധിക്കും; പ്രത്യേകിച്ച് എൻജിൻ ശേഷി കുറഞ്ഞ ഇരുചക്രവാഹനങ്ങളിൽ. 'അതിനാൽ ഉയർന്ന എഥനോൾ മിശ്രിതത്തിനൊപ്പം പ്രൊട്ടക്ഷൻ ഗ്രേഡ് ഇ10 ഇന്ധനവും ലഭ്യമാക്കാൻ എസ്.ഐ.എ.എം. നിർദേശിക്കുന്നു .' റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ടുപ്രകാരം എഥനോളിന്റെ കുറഞ്ഞ കലോറിഫിക് മൂല്യം കാരണം ഇന്ധനക്ഷമതയിൽ ആറ് ശതമാനം വരെ കുറവ് സംഭവിക്കാം. ഇനി നിർമിക്കാൻ പോകുന്ന വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ ഈ നഷ്ടം തിരിച്ചുപിടിക്കാനാകും. എന്നാൽ നിലവിലുള്ള വാഹനങ്ങളുടെ കാര്യത്തിൽ ഇതൊരു ആശങ്കയാണ്. ഇ20 വാഹനങ്ങൾ വിപണിയിലേക്ക് ക്രമേണ കടക്കുമ്പോൾ പഴയ വാഹനങ്ങൾ അവ നിർമിച്ചിട്ടുള്ളത് ഏത് ഇന്ധനത്തിലാണോ അതിൽ പ്രവർത്തിക്കട്ടെ എന്നാണ് എസ്.ഐ.എ.എം. മുന്നോട്ടുവെക്കുന്ന വാദം.

പെട്ടെന്നുതന്നെ ഇ12, ഇ15 ഇന്ധനമിശ്രിതങ്ങൾ വിപണിയിലെത്തിക്കുന്നതിനെതിരെയും സംഘടന മുന്നറിയിപ്പ് നൽകി. ഇ10-ൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ അതിനുമുകളിലേക്കുള്ള ഇന്ധനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ മാറിമാറി ഉപയോഗിക്കുന്നത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും.

പഠനങ്ങളും റിപ്പോർട്ടുകളും

ഈ നിർദേശങ്ങൾ നിതി ആയോഗ് നടത്തിയ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, ഗതാഗതമന്ത്രാലയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ദി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) തുടങ്ങിയവർ മറ്റു കക്ഷികളുമായി നടത്തിയ കൂടിയാലോചനയിൽ ഉയർന്നുവന്നതാണ്. 2021 ജനുവരിയിൽ നടന്ന ചർച്ചയിലാണ് എസ്.ഐ.എ.എം. പങ്കെടുത്തത്.

ഇ20 ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള നിർദേശം അന്തിമ റോഡ്മാപ്പിൽ പിന്തുണച്ചു. എന്നാൽ ഇതുപയോഗിക്കുമ്പോൾ വാഹനങ്ങളുടെ എൻജിനിൽ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കണമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നുമുള്ള ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. എ.ആർ.എ.ഐ., ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എന്നിവർ സംയുക്തമായി നടത്തിയ പഠനത്തെ ചൂണ്ടിക്കാണിച്ച് ഇ20-ന്റെ ഉപയോഗം ഇന്ധനക്ഷമത ആറ് ശതമാനം കുറയ്ക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പരിശോധനയിൽ വലിയ എൻജിൻ തകരാറോ തേയ്മാനമോ എൻജിൻ ഓയിലിന്റെ ഗുണനിലവാരത്തകർച്ചയോ ഒന്നും പഠനത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

നാലുചക്രവാഹനങ്ങൾക്ക് ആറ് മുതൽ ഏഴ് ശതമാനം വരെയും ഇരുചക്രവാഹനങ്ങൾക്ക് മുതൽ നാല് ശതമാനം വരെയും ഇന്ധനക്ഷമത കുറയാൻ സാധ്യതയുണ്ടെന്ന് റോഡ്മാപ് പറയുന്നു. എന്നാലും ഇതുമൂലമുണ്ടാവുന്ന പ്രശ്‌നങ്ങളെ എൻജിനിലെയും കാലിബറേഷനിലെയും മാറ്റങ്ങൾ കൊണ്ട് നിയന്ത്രിക്കാനാകും.

മാറ്റം വരുത്തുന്ന കാലയളവിൽ നിലവിലുള്ള വാഹനങ്ങൾക്ക് ഇ10 ഇന്ധനം പ്രൊട്ടക്ഷൻ ഇന്ധനമായി ലഭ്യമാക്കുന്നതിനെക്കുറിച്ചും റോഡ്മാപ്പിൽ പരാമർശിക്കുന്നു.

ഇ20 ഇന്ധനം എൻജിനുകൾക്ക് നാശനഷ്ടം വരുത്തുന്നു എന്ന ആരോപണം കേന്ദ്രം തള്ളി. എസ്.ഐ.എ.എം., എ.ആർ.എ.ഐ., ഇന്ത്യൻ ഓയിൽ, വാഹനനിർമാതാക്കൾ എന്നിവർ വിശദമായ പഠനങ്ങൾ നടത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വ്യാപകമായ എൻജിൻ തകരാറുകൾക്ക് കാരണം ഇ20 ആണെന്നതിനു തെളിവുകളില്ലെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു. എന്നാൽ സുരക്ഷിതമെന്ന് സർക്കാർ പറയുമ്പോഴും 2021-ലെ റോഡ്മാപ്പിൽ ഇന്ധനക്ഷമതയും സുരക്ഷയും സുഗമമായ ഡ്രൈവിങ്ങുമെല്ലാം ചൂണ്ടിക്കാണിച്ച് ഇ10 തുടർന്നും ലഭ്യമാക്കണമെന്ന് വാദിക്കുന്നു.