മുംബൈ: ഇന്ത്യൻ ഉത്പന്നങ്ങൾക്കേർപ്പെടുത്തിയ തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനുപിന്നാലെ ഡോളറിനെതിരേ രൂപയുടെ മൂല്യം കുതിച്ചുകയറി.

To advertise here,

ഒറ്റദിവസം 1.17 രൂപയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ചൊവ്വാഴ്ച ഡോളറൊന്നിന് 90.32 രൂപ നിരക്കിലാണ് രൂപയുടെ വ്യാപാരം നിർത്തിയത്. അതായത്, 1.28 ശതമാനം വർധന. വ്യാപാരത്തിനിടെ രൂപ 90.05 വരെ കയറി. അതായത്, 1.50 ശതമാനത്തിലേറെ നേട്ടം. 2020 മാർച്ച് 26-നുശേഷം വ്യാപാരത്തിനിടെ രൂപയുടെ ഒറ്റദിവസത്തെ ഏറ്റവുംവലിയ നേട്ടമാണിത്.

രാവിലെ 1.23 ശതമാനം നേട്ടവുമായി ഡോളറൊന്നിന് 90.39 രൂപ നിരക്കിലാണ് രൂപ വ്യാപാരം തുടങ്ങിയത്. രണ്ടര ആഴ്ചയ്ക്കിടയിലെ ഉയർന്ന നിലവാരത്തിലേക്കാണ് രൂപ തിരിച്ചുകയറിയത്. തിങ്കളാഴ്ച 91.51 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. കഴിഞ്ഞയാഴ്ചയിത് വ്യാപാരത്തിനിടെ 92.02 രൂപവരെ ഇടിഞ്ഞിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതിനായി വിനിമയ വിപണി ഏറെ നാളായി കാത്തിരിക്കുന്നതാണ്. ഇക്കാര്യത്തിൽ തീരുമാനമായെന്നതാണ് രൂപയ്ക്കു കരുത്തായി മാറിയത്. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കു ചുമത്തുന്ന തീരുവ നിലവിലെ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ ഇരുരാജ്യവും ഇക്കാര്യത്തിൽ സംയുക്ത പ്രസ്താവന നടത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെ തീരുവ നിലവിൽവന്നശേഷമാണ് രൂപ കുത്തനെ ഇടിയാൻ തുടങ്ങിയത്. ഈ വർഷംമാത്രം രണ്ടു ശതമാനത്തിനടുത്ത് ഇടിവു നേരിട്ടിരുന്നു. ചൊവ്വാഴ്ചത്തെ നേട്ടത്തോടെ ഇത് 0.28 ശതമാനമായി ചുരുങ്ങി. ഈ സാമ്പത്തികവർഷം ഇതുവരെ ഇടിവ് 5.17 ശതമാനമാണ്. ഡോളറിനെതിരേ മൂല്യശോഷണത്തിൽ ലോകത്തെ ഏറ്റവും മോശം കറൻസികളിലൊന്നും രൂപയാണ്. പുതിയ സാഹചര്യത്തിൽ രൂപയുടെ മൂല്യം വീണ്ടും ഉയരാനുള്ള സാധ്യതകളാണുള്ളത്. ഇത് മാർച്ച് അവസാനത്തോടെ ഡോളറൊന്നിന് 88 രൂപയിലേക്കെത്താമെന്ന് എച്ച്.എസ്.ബി.സി. വിലയിരുത്തുന്നു. എന്നാൽ, ഇതത്ര എളുപ്പമാകില്ല. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യക്ക് എളുപ്പത്തിൽ അവസാനിപ്പിക്കാനാകില്ലെന്നതായിരിക്കും ഇതിനു പ്രധാന തടസ്സമാകുകയെന്നും റിപ്പോർട്ട് പറയുന്നു.