പയ്യന്നൂർ: വമ്പൻ 'ആക്രി' വിൽപ്പനയിലാണ് റെയിൽവേ. റെയിൽ ക്ലിപ്പ് മുതൽ പഴയ തീവണ്ടി എൻജിൻവരെ വിൽക്കും. കഴിഞ്ഞവർഷം (2025-26) സ്‌ക്രാപ്പ് ഇനത്തിൽ റെയിൽവേ നേടിയത് 6813 കോടി രൂപയാണ്. ഈ സാമ്പത്തികവർഷവും 6000 കോടി രൂപ ലക്ഷ്യമിടുന്നുണ്ട്.

To advertise here,

18 സോണുകൾ, ഇന്റഗ്രൽ കോച്ച് ഫോക്ടറി, റെയിൽ കോച്ച് ഫാക്ടറി ഉൾപ്പെടെ 25 മേഖലകൾക്കാണ് ഈ ലക്ഷ്യം നൽകിയിരിക്കുന്നത്. നോർത്തേൺ റെയിൽവേക്കാണ് കൂടുതൽ ടാർജറ്റ്-585 കോടി രൂപ. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് 440 കോടി രൂപയാണ്. കഴിഞ്ഞവർഷം ദക്ഷിണ റെയിൽവേ 531 കോടി രൂപ നേടിയിരുന്നു.

കാലപ്പഴക്കം മൂലം ഉപയോഗിക്കാത്ത ഒരു തീവണ്ടിയുടെ മുഴുവൻ ഭാഗങ്ങളും വിൽപ്പനയ്ക്ക് വെക്കും. കരുത്തുള്ള പഴയ റെയിൽപ്പാളങ്ങളും ക്ലിപ്പുകളും വാങ്ങാം. റെയിൽവേ ഡിപ്പോകളിൽ കോപ്പർ സ്‌ക്രാപ്പ് ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. ഈറോഡ്, പെരമ്പൂർ ഉൾപ്പെടെ ലോക്കോ ഷെഡുകളിലാണ് പഴയ ഡീസൽ എൻജിൻ ഉള്ളത്.

ലക്ഷക്കണക്കിന് സ്ലീപ്പറുകൾ റെയിൽവേ ലേലം ചെയ്യുന്നുണ്ട്. പുതിയ റെയിൽപാളം വരുമ്പോൾ മാറ്റിയവയാണ് സിമന്റ് സ്ലീപ്പറുകൾ. പുനരുപയോഗ സാധ്യതയുള്ള ഇവ അതിരുകളിൽ വേലിത്തൂണുകളായി ഉപയോഗിക്കാം. വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിലത്ത് ഉറപ്പിച്ചപോലെ പാത (പ്ലാറ്റ്ഫോം) ഉണ്ടാക്കാം. സ്ലീപ്പറിനുള്ളിൽ ഫ്രെയിമും ക്ലിപ്പുകളും അടക്കം 15 കിലോ ഇരുമ്പുണ്ട്. ഇവ പൊളിച്ചെടുക്കുന്നുവരും ഉണ്ട്.

'ചരക്കിലാണ്' വരുമാനം

റെയിൽവേയുടെ ഏറ്റവും വലിയ വരുമാനം ചരക്കുഗതാഗതമാണ്. 2025-26 വർഷത്തെ കണക്കുപ്രകാരം 1.78 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇരുമ്പയിര്, സിമന്റ്, വളങ്ങൾ, ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ഗതാഗതത്തിൽപ്പെടും. ദക്ഷിണ റെയിൽവേ 3,841 കോടി രൂപ നേടിയിരുന്നു.80,000 കോടി രൂപയുമായി യാത്രാവരുമാനമാണ് തൊട്ടുപിന്നിൽ. ദക്ഷിണ റെയിൽവേയുടെ വാർഷിക യാത്രാവരുമാനം 8,269 കോടി രൂപയാണ്.