ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രതിഷേധവുമായി പ്രതിപക്ഷം. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ്, തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന്റെ മകർ ദ്വാറിന് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

To advertise here,

എസ്‌ഐആർ വിഷയം ഉന്നയിച്ച് ‘വോട്ട് ചോർ, ഗഡ്ഡി ഛോട്’ (വോട്ട് കള്ളൻ, സിംഹാസനം വിടൂ) എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുൾപ്പടെ നൂറോളം എംപിമാർ പ്രകടനത്തിൽ പങ്കെടുത്തു.

തിങ്കളാഴ്ച ആരംഭിച്ച് ഡിസംബർ 19 വരെ നീണ്ടുനിൽക്കുന്ന ലോക്‌സഭ സമ്മേളനത്തിന്റെ ആദ്യ ദിവസവും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച ലോക്‌സഭ പലതവണ നിർത്തിവച്ചിരുന്നു.

2025-ലെ ശീതകാല സമ്മേളനത്തിൽ എസ്‌ഐ‌ആർ, ഡൽഹിയിലെ ചെങ്കോട്ട സ്‌ഫോടനം, ഡൽഹി വായു മലിനീകരണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. 13 നിയമസഭാ ബില്ലുകളും ഒരു സാമ്പത്തിക ബില്ലും അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു.

അതിനിടെ, പാർലമെന്റിനെ ചിലർ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കാനുള്ള വേദിയായും പരാജയത്തിന്റെ ക്ഷീണം മാറ്റാനുള്ള വഴിയായും ഉപയോഗിക്കുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. സമ്മേളനം രാഷ്ട്രീയ നാടകങ്ങൾക്കുള്ള വേദിയായി മാറരുത്, മറിച്ച് സൃഷ്ടിപരവും ഫലപ്രാപ്തിയുള്ളതുമായ ചർച്ചകൾക്കുള്ള വേദിയായി മാറണമെന്ന് മോദി പറഞ്ഞിരുന്നു.