ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാകിസ്താൻ എന്ന രാജ്യംതന്നെ ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കവെയായിരുന്നു ദ്വിവേദിയുടെ വാക്കുകൾ.

To advertise here,

പാകിസ്താൻ ഭീകരർക്ക് അഭയംനൽകുന്നതും ഇന്ത്യക്കെതിരായ നീക്കങ്ങൾ നടത്തുന്നതും തുടർന്നാൽ, അവർ 'ഭൂമിയുടെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ' എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്ന് കരസേനാ മേധാവി തുറന്നടിച്ചു. അതിർത്തികടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ ഇന്ത്യ മുമ്പത്തെക്കാൾ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീഷണികൾക്കെതിരേ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ അദ്ദേഹം നൽകിയിരിക്കുന്നത്. ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന 'സേന സംവാദ്' എന്ന പരിപാടിയിൽ ഒരുവർഷം മുൻപ് നടന്ന സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ നയം വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വീണ്ടും ആവർത്തിക്കേണ്ടിവരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാകിസ്താൻ ഭീകരവാദികളെ സംരക്ഷിക്കുന്നത് തുടരുകയാണെങ്കിൽ, ഇന്ത്യയുടെ പ്രതികരണം പഴയതുപോലെ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കാണിച്ച സംയമനം ഇനിയുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.