കണ്ണൂർ: യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡിവലപ്‌മെന്റിന്റെ (യുഎസ്‌എഐഡി) ഫണ്ടിങ്‌ മരവിപ്പിച്ചത് രാജ്യത്തെ ക്ഷയരോഗ നിർമാർജനപരിപാടിയെ നേരിട്ട് ബാധിക്കില്ലെന്ന് ഇന്ത്യയിലെ ആരോഗ്യമന്ത്രാലത്തിന്റെ മുഖ്യ ഉപദേശകയായ ഡോ. സൗമ്യ സ്വാമിനാഥൻ. ക്ഷയരോഗ നിർമാർജനയജ്ഞത്തിന്റെ കാതലായ ഫണ്ടിങ്‌ ഇവിടെ സർക്കാർ തന്നെയാണ് വഹിക്കുന്നത്. നമ്മുടെ അടിത്തറ ഭദ്രമാണ്. ആരോഗ്യപ്രവർത്തകർ, മരുന്ന്, പരിശോധനകൾ എന്നിവയെല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് വഹിക്കുന്നതിനാൽ തളരാതെ മുന്നോട്ടുപോകും. ആഫ്രിക്കൻ രാജ്യങ്ങളുടേതുപോലുള്ള തിരിച്ചടി നമുക്കുണ്ടാകില്ല. 100 ദശലക്ഷം ഡോളറിനടത്ത് ഇത്തരത്തിൽ വിവിധ രാജ്യങ്ങളിലേക്ക് യുഎസ് ഫണ്ട് ചെയ്തിരുന്നു. വിവിധ എൻജിഒകളിലൂടെ ബോധവത്കരണം, സാമൂഹികതല പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഇന്ത്യയിൽ ഫണ്ട് വിനിയോഗിച്ചിരുന്നത്. അത്തരം പ്രവർത്തനങ്ങളെ ഇത് ബാധിച്ചേക്കാം. ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ്, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ. സൗമ്യ സ്വാമിനാഥൻ ‘മാതൃഭൂമി’യോട് പറഞ്ഞു. പിണറായിപ്പെരുമയിൽ പ്രഭാഷണത്തിന് എത്തിയതായിരുന്നു അവർ.

To advertise here,

മോളിക്യുലാർ പരിശോധനകൾ 100 ശതമാനമാക്കണം

രാജ്യത്ത് ക്ഷയരോഗ നിർമാർജനപരിപാടിയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കാനായി. എന്നാൽ ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. രോഗനിർണയത്തിന് 100 ശതമാനവും മോളിക്യുലാർ പരിശോധനകൾ നടത്തുന്ന വിധത്തിലെത്തണം. ഇപ്പോൾ 50 ശതമാനത്തിനടുത്ത് മാത്രമാണ് ട്രൂനാറ്റ് പോലുള്ള പരിശോധനകൾ ചെയ്യുന്നത്. അതുപോലെ രോഗനിർണയത്തിന് എക്സ്റേ പരിശോധനകളും വരണം. കഫപരിശോധനയുമായി മാത്രം മുന്നോട്ടുപോകാനാകില്ല. 50 ശതമാനം പേരിലും സബ്‌ ക്ലിനിക്കൽ രോഗമാണ്. പ്രകടമായ ലക്ഷണം കാണില്ല. രോഗം അതിനാൽ തിരിച്ചറിയപ്പെടാതെ പോകും.

കേരളത്തിൽ ആദിവാസി മേഖലകളിൽ ക്ഷയം പ്രശ്നമാണ്

ക്ഷയരോഗനിയന്ത്രണത്തിൽ കേരളം ഏറെ മുന്നിലാണ്. എന്നാൽ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസിമേഖലയിൽ ക്ഷയം വലിയ പ്രശ്നമാണ്‌. ചെറുപ്പക്കാർപോലും ക്ഷയരോഗം ബാധിച്ച്‌ മരിക്കുന്നുണ്ട്, സ്ത്രീകളടക്കം. ഞാനവിടെ പോയിരുന്നു. പോഷകാഹാരക്കുറവ്, മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം, ശാസ്ത്രീയചികിത്സ തേടാതിരിക്കൽ എന്നിവയൊക്കെ ഇതിന് കാരണമാണ്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്.

ഏകാരോഗ്യനയം സുപ്രധാനം

പുതുതായി വരുന്നതും തിരിച്ചുവരുന്നതുമായ പല രോഗങ്ങളുമുണ്ട്. മിക്കതും പക്ഷി-മൃഗാദികളിൽ നിന്നെത്തുന്നത്. ഇവയുടെ നിരീക്ഷണം, പ്രതിരോധം, നിയന്ത്രണം, മുൻകൂട്ടി പ്രവചിക്കൽ, മുന്നൊരുക്കം നടത്തൽ എന്നിവയ്ക്ക് ഏകാരോഗ്യ സമീപനം പ്രധാനപ്പെട്ടതാണ്. ആരോഗ്യം, വനം, ഫിഷറീസ്, വെറ്ററിനറി മേഖലകളൊക്കെ ഒന്നിച്ച് പ്രവർത്തിച്ചാലേ അത് സാധ്യമാകൂ. ഐസിഎംആർ മൂന്ന് സംസ്ഥാനങ്ങളിൽ പക്ഷിസങ്കേതങ്ങൾ കേന്ദ്രീകരിച്ച് പഠനം തുടങ്ങുകയാണ്. പക്ഷികളിലൂടെയുള്ള പകർച്ചവ്യാധികളെ നിരീക്ഷിച്ച് പഠനം നടത്തും. അവശ്യഘട്ടങ്ങളിൽ ഉടൻ നടപടിക്ക് ഇത്തരം പഠനങ്ങൾ സഹായിക്കും. അത്‌ പ്രധാനമാണ്.

കേരളത്തിൽ ആന്റിബയോട്ടിക്‌ ദുരുപയോഗം തടയാൻ സ്വീകരിച്ച നടപടികൾ ശ്ലാഘനീയമാണ്. എന്നാൽ വെറ്ററിനറി, ഫിഷറീസ് മേഖലകളിലെ ആന്റിബയോട്ടിക് ദുരുപയോവും നിരീക്ഷിച്ച് തടയേണ്ടതുണ്ട് -ചോദ്യങ്ങൾക്കുത്തരമായി അവർ പറഞ്ഞു.