ന്യൂഡൽഹി: പാകിസ്താൻ അധീന കശ്മീരിലെ (പി.ഒ.കെ.) പ്രാദേശിക തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് ഇന്ത്യ. പ്രദേശത്തെ ജനങ്ങൾക്കെതിരെ നടക്കുന്ന അടിച്ചമർത്തലുകൾ മൂടിവെക്കാൻ പാകിസ്താൻ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ജനകീയ പ്രക്ഷോഭങ്ങൾക്കെതിരേ പാക് സേനയുടെ നേതൃത്വത്തിൽ നടക്കുന്ന നരഹത്യകൾ ഈ നാട്യത്തിലൂടെ മറച്ചുവെക്കാനാകില്ലെന്ന് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്വാൾ വ്യക്തമാക്കി.

To advertise here,

‘പാകിസ്താൻ അധീന കശ്മീരിലെ പ്രാദേശിക തിരഞ്ഞെടുപ്പ് വെറുമൊരു പ്രഹസനമാണ്. പൊതു പ്രക്ഷോഭങ്ങളും പാക് സേനയുടെ ക്രൂരമായ നരഹത്യയുമാണ് അവിടത്തെ യഥാർത്ഥ അവസ്ഥ. ഇത്തരം പൊള്ളയായ നടപടികൾക്ക് യാഥാർത്ഥ്യം മറച്ചുവെക്കാനാകില്ല’, മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ജൈസ്വാൾ പറഞ്ഞു. ഈ വർഷം ജൂൺ മുതൽ ഇതുവരെ കുറഞ്ഞത് 90 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടപടികൾക്ക് നിയമസാധുത നൽകാൻ തിരഞ്ഞെടുപ്പ് എന്ന മുഖംമൂടിയാണ് പാകിസ്താൻ ഉപയോഗിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘ജനങ്ങളുടെ പ്രതിഷേധത്തെ വെടിയുതിർത്തും ആശയവിനിമയങ്ങൾ തടസ്സപ്പെടുത്തിയും ഭയപ്പെടുത്തിയും അടിച്ചമർത്താനാണ് പാക് ഭരണകൂടം ശ്രമിച്ചത്. ഇപ്പോൾ ഈ പൊള്ളയായ തിരഞ്ഞെടുപ്പിലൂടെ അതിന് അംഗീകാരം നേടിയെടുക്കാനാണ് അവരുടെ ശ്രമം’, അദ്ദേഹം ആരോപിച്ചു.