ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേട് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ആളുകളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന തള്ളി ഇന്ത്യ. യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ഓഫീസിന്റെ പ്രതികരണം അസ്ഥാനത്തുള്ളതാണെന്ന് ഇന്ത്യ മറുപടി നൽകി. യു.എന്നിന്റേത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്നും ജനീവയിലെ പെർമനന്റ് മിഷൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

To advertise here,

'ന്യൂഡൽഹിയിൽ ഇന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇവിടെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും സ്വതന്ത്ര മാധ്യമങ്ങളും അവകാശത്തെ സംരക്ഷിക്കാനായി കാവൽ നിൽക്കുന്നു. എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും പോലെ, പൊതുക്രമസമാധാനനില, നിലനിർത്തുന്നതിനായുള്ള ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇന്ത്യൻ പൗരന്മാർ ഈ അവകാശം വിനിയോഗിക്കുന്നത്. അധികൃതർ നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്. പരാതികൾ പരിഹരിക്കുന്നതിനായി കോടതികളെ സമീപിക്കാനുള്ള അവസരവും എല്ലാവർക്കുമുണ്ട്. അതുകൊണ്ടുതന്നെ, ഒ.എച്ച്.സി.എച്ച്.ആറിന്റെ ആശങ്കകൾ അടിസ്ഥാനരഹിതവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലുമാണ്', ജനീവയിലെ പെർമനന്റ് മിഷന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. 'നിഷ്പക്ഷത ഉറപ്പാക്കി, മറ്റ് സ്ഥലങ്ങളിൽ നടക്കുന്ന വലിയ തോതിലുള്ള പ്രതിഷേധങ്ങളിലും സമാനമായ ശ്രദ്ധ ചെലുത്താൻ ഒ.എച്ച്.സി.എച്ച്.ആർ. തയ്യാറാകണമെന്നും കുറിപ്പിൽ പറയുന്നു.

സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം പൂർണമായി മാനിക്കപ്പെടുന്നുവെന്ന് ഇന്ത്യൻ അധികൃതർ ഉറപ്പാക്കണമെന്നായിരുന്നു യു.എൻ. പ്രതികരണം. 'സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അനിവാര്യതയുടെയും ആനുപാതികതയുടെയും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് നിയമപാലകസേനകൾ പരമാവധി സംയമനം പാലിക്കണം.' യുഎൻ ഹ്യൂമൻ റൈറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകൾക്കും അനുസൃതമായിരിക്കണം നിയമപാലകസേനകളുടെ നടപടികളെന്നും പ്രസ്താവനയിൽ യുഎൻ ഹ്യൂമൻ റൈറ്റ്സ് ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായും നിയമവിരുദ്ധമായും കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടൻ, യാതൊരു ഉപാധികളുമില്ലാതെ മോചിപ്പിക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളിലൂടെ ഉയർന്നുവന്ന വ്യാപകമായ ആശങ്കകൾ പരിഹരിക്കുന്നതിനായി അധികൃതർ ചർച്ചകൾക്ക് തയ്യാറാകണമെന്നും യുഎൻ ഹ്യൂമൻ റൈറ്റ്സ് നിർദേശിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണ (എസ്ഐആർ) നടപടികൾ പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഡൽഹിയിൽ പ്രതിഷേധം നടക്കുന്നത്. ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. നേതാക്കളും വിദ്യാർഥി സംഘടനാ പ്രവർത്തകരും അഭിഭാഷകരും ഉൾപ്പെടെ ഏഴായിരത്തോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.