ന്യൂഡല്‍ഹി: യുഎസിന് ഇന്ത്യയെയും റഷ്യയെയും നിഗൂഢവും ദുരൂഹവുമായ ചൈനയ്ക്ക് നഷ്ടപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. വിഷയം തീരുവയല്ലെന്നും മറിച്ച് 'ആത്മാഭിമാനം, അന്തസ്സ്, ബഹുമാനം' എന്നിവയാണെന്നും മനീഷ് തിവാരി പറഞ്ഞു. ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം. പക്ഷേ, ഭീഷണിയ്ക്ക് മുന്‍പില്‍ ഒരിക്കലും മുട്ടുമടക്കില്ല-തിവാരി എക്സിൽ കുറിച്ചു.

To advertise here,

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഉള്‍പ്പെടെയുള്ള മുന്‍ പോരാട്ടങ്ങളും നിലവിലെ സാഹചര്യവും പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി ഇന്ത്യ വിജയം നേടി. പലതും ത്യജിക്കാന്‍ ഇന്ത്യ തയ്യാറാകും. പക്ഷേ, ഒരുതരത്തിലുള്ള ഭീഷണിക്കും ഇന്ത്യ വഴങ്ങില്ലെന്ന് തിവാരി പറഞ്ഞു. 

യുഎസിന് 'റഷ്യയെയും ഇന്ത്യയെയും ഇരുണ്ട ലോകമായ ചൈനയ്ക്ക് നഷ്ടപ്പെട്ടു' എന്ന് പ്രസ്താവിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണിത്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്രംപ് പോസ്റ്റ് ചെയ്തു, ''നമുക്ക് ഇന്ത്യയെയും റഷ്യയെയും നിഗൂഢവും ദുരൂഹവുമായ ചൈനയ്ക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. അവര്‍ക്ക് ഒരുമിച്ച് ദീര്‍ഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെ!''

ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ഇന്ത്യയും റഷ്യയും ചൈനയും ഒരുമിച്ച് പങ്കെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം വരുന്നത്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിന് മറുപടിയുമായി ട്രംപ് വീണ്ടുമെത്തി. 'ഇന്ത്യയെയും റഷ്യയെയും ചൈനയ്ക്ക് നഷ്ടപ്പെട്ടു' എന്ന പരാമര്‍ശത്തെക്കുറിച്ച്, അങ്ങനെ സംഭവിച്ചതായി താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചത്തെ പോസ്റ്റില്‍ ഇന്ത്യയെ ചൈനയ്ക്ക് നഷ്ടപ്പെട്ടതിന് ആരെയാണ് കുറ്റപ്പെടുത്തുന്നത് എന്ന് ചോദിച്ചപ്പോള്‍, യുഎസ് പ്രസിഡന്റ് പറഞ്ഞു, 'നമുക്ക് നഷ്ടപ്പെട്ടതായി ഞാന്‍ കരുതുന്നില്ല. ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ എനിക്ക് വലിയ നിരാശയുണ്ട്. ഞാനത് അവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ വളരെ വലിയ തീരുവ ചുമത്തി. എനിക്ക് (പ്രധാനമന്ത്രി) മോദിയുമായി വളരെ നല്ല ബന്ധമാണുള്ളത്, നിങ്ങള്‍ക്കറിയാമല്ലോ. അദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെയുണ്ടായിരുന്നു, സത്യത്തില്‍ ഞങ്ങള്‍ റോസ് ഗാര്‍ഡനില്‍ പോയി ഒരു പത്രസമ്മേളനം നടത്തിയിരുന്നു.'ട്രംപ് കുറിച്ചു.