ന്യൂഡല്‍ഹി: 202-25 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.2 ശതമാനമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍.എസ്.ഒ.) പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. രണ്ടാം പാദത്തെ അപേക്ഷിച്ച് പ്രകടനം മെച്ചപ്പെടുത്തിയത് പ്രതിസന്ധിയുടെ പാതയില്‍ നിന്ന് രാജ്യം തിരിച്ചുവരുന്നുവെന്ന സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പ്രതീക്ഷിത വളര്‍ച്ചാ നിരക്കിന് ഒപ്പം നില്‍ക്കുന്നതാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. മൂന്നാം പാദത്തില്‍ രാജ്യം 6.2-6.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ( ജൂലായ്-സെപ്റ്റംബര്‍) 5.4 ശതമാനമാണ് രേഖപ്പെടുത്തിയത്. ഇത് 5.6 ശതമാനമായി കേന്ദ്രം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നഗരങ്ങളിലെ ഉപഭോക്തൃചെലവഴിക്കലുകളും ഇടത്തരം കുടുംബങ്ങള്‍ നേരിട്ട സാമ്പത്തികഞെരുക്കവുമാണ് രണ്ടാംപാദത്തില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. മൂന്നാം പാദത്തില്‍ നിലമെച്ചപ്പെടുത്താന്‍ സഹായിച്ചത് ഗ്രാമീണ ഉപഭോഗം മെച്ചപ്പെട്ടതും മികച്ച മണ്‍സൂണും സര്‍ക്കാര്‍ പദ്ധതിച്ചെലവുകളിലെ വര്‍ധനയുമാണ്.
കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ( സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍) 9.5 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക്. അതുവെച്ച് നോക്കുമ്പോള്‍ ഇക്കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചാനിരക്കില്‍ വലിയ കുറവുണ്ട്. 2025 ജനുവരിയില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 6.4 ശതമാനമായിരിക്കുമെന്നായിരുന്നു എന്‍.എസ്.ഒയുടെ പ്രവചനം. ഇത് നേരത്തെ കണക്കാക്കിയതില്‍ നിന്ന് അല്‍പം ഉയര്‍ന്നേക്കുമെന്നാണ് നിലവിലെ കണക്കുകള്‍ നല്‍കുന്ന സൂചന. ഇതനുസരിച്ച് യഥാര്‍ഥ മൊത്ത ആഭ്യന്തര ഉത്പാദനം 6.4 ശതമാനത്തിനുപകരം 6.5 ശതമാനമായിരിക്കുമെന്ന് എന്‍.എസ്.ഒ. പറയുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക വളര്‍ച്ച 9.2 ശതമാനമായിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മാണ മേഖലയുടെ വളര്‍ച്ചാനിരക്ക് 8.6 ശതമാനവും ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ് & പ്രൊഫഷണല്‍ സര്‍വീസസ് മേഖലയുടെ വളര്‍ച്ചാനിരക്ക് 7.2 ശതമാനവും ട്രേഡ്, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം, പ്രക്ഷേപണം തുടങ്ങിയ ഉള്‍പ്പെടുന്ന മേഖലയുടെ വളര്‍ച്ചാനിരക്ക് 6.4 ശതമാനവും ആയിരിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: India`s economic growth slows to 6.2% in Q3 FY2024-25, down from 9.5% in the same period last year
Published: 28 Feb 2025, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented