മുംബൈ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവ കൂട്ടിച്ചേര്‍ത്ത് ഒറ്റ രാജ്യമാക്കാനുള്ള നീക്കം ബി.ജെ.പി. നടത്തുകയാണെങ്കില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി.) തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്ന് നവാബ് മാലിക്. എന്‍.സി.പി. വക്താവും പാര്‍ട്ടി മുംബൈ അധ്യക്ഷനുമായ നവാബ് മാലിക് ഞായറാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

'കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന കാലം വരുമെന്ന് ദേവേന്ദ്രജി പറഞ്ഞു, ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും യോജിപ്പിക്കണമെന്ന് നാം പറഞ്ഞു കൊണ്ടിരിക്കുന്നു, ബെര്‍ലിന്‍ മതില്‍ തകര്‍ക്കാമെങ്കില്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കാന്‍ നമുക്ക് സാധിക്കില്ലേ? മൂന്ന് രാജ്യങ്ങളും ഒന്നിച്ച് ചേര്‍ത്ത് ഒറ്റ രാജ്യമാക്കാന്‍ ബി.ജെ.പി. താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ഞങ്ങളതിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യും.'

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ കറാച്ചി പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശിവസേനയും കോണ്‍ഗ്രസുമായി സഹകരിച്ച് മത്സരിക്കാന്‍ എന്‍.സി.പിയ്ക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍.സി.പിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും നിലവില്‍ ഭരണം നിര്‍വഹിക്കുന്ന മൂന്ന് കക്ഷികളും സഹകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും നവാബ് മാലിക് കൂട്ടിച്ചേര്‍ത്തു. 

കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് ഉപദേശകസമിതിയെ നിയോഗിച്ചതായും മഹാരാഷ്ട്രയില്‍ സ്ഥിതി നിയന്ത്രണവിധേയമായതിനാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യം നിലവിലില്ലെന്നും നവാബ് മാലിക് അറിയിച്ചു. 

Content Highlights: India, Pakistan, Bangladesh Should Be Merged Maharashtra Minister To BJP