
ന്യൂഡൽഹി: പ്രവചനാതീതമായി പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന സ്വഭാവമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത്. അതിനാൽ തന്നെ യു.എസിന്റെ സഖ്യകക്ഷികൾക്ക് പോലും എന്താണ് ചെയ്യേണ്ടതെന്നതിൽ വ്യക്തമായി തീരുമാനമെടുക്കാനാകുന്നുമില്ല. എന്നാൽ, പ്രവചനാതീതമായ സാഹചര്യത്തിലും ട്രംപ് ഒരുക്കുന്ന കെണിയിൽ വീഴാതെ ഇന്ത്യ സംയമനത്തോടെ സ്വന്തം നില സുരക്ഷിതമാക്കുന്നത് നയതന്ത്ര വൃത്തങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്. വ്യാപാര കരാർ, റഷ്യൻ എണ്ണ തുടങ്ങിയ പല വിഷയങ്ങളിലും ട്രംപ് നേരിട്ടും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ പ്രമുഖരും ഇന്ത്യയ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും നയതന്ത്ര നീക്കങ്ങളിലൂടെ ഇന്ത്യ യുഎസിനെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടനും ട്രംപിന്റെ കടുത്ത സാമ്പത്തിക നിലപാടുകൾക്ക് മുന്നിൽ പകച്ചുനിൽക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംയമനവും ദീർഘവീക്ഷണവുമാണ് ഇന്ത്യയെ സുരക്ഷിതമാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
യൂറോപ്യൻ സഖ്യകക്ഷികൾ പോലും ട്രംപിന്റെ താരിഫ് നയങ്ങളിൽനിന്ന് രക്ഷപ്പെടാൻ പാടുപെടുകയാണ്. എന്നാൽ, ഇന്ത്യ തുടക്കം മുതലേ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലടക്കം ഇന്ത്യയ്ക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയിട്ടും, ഇന്ത്യൻ മന്ത്രിമാരോ പ്രധാനമന്ത്രിയോ ട്രംപിനെതിരെ വാക്‌പോരിന് മുതിർന്നില്ല. അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചപ്പോഴും ഇന്ത്യ ക്ഷമയോടെയുള്ള നയതന്ത്ര ചർച്ചകൾ തുടർന്നു.
വ്യാപാര കരാറിലേർപ്പെടാത്തതിന്റെ പേരിൽ ട്രംപ് കനത്ത തീരുവ ചുമത്തിയിട്ടും തിടുക്കപ്പെട്ട് യുഎസിന് മേൽക്കോയ്മ ലഭിക്കുന്ന കരാറിന് മുതിരാൻ ഇന്ത്യ തയ്യാറായില്ല. രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒരു വ്യാപാര കരാറിനും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇന്ത്യ ഒപ്പിട്ടില്ല. താരിഫ് ഭീഷണി ഉയർത്തി ഇന്ത്യയെക്കൊണ്ട് കരാറിൽ ഒപ്പിടുവിക്കാനുള്ള ട്രംപിന്റെ നീക്കം വിജയിച്ചില്ലെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മോദി ട്രംപുമായി നേരിട്ട് സംസാരിക്കാൻ വിസമ്മതിച്ചതാണ് ഭാഗികമായ വ്യാപാര കരാർ പോലും പരാജയപ്പെടാൻ കാരണമായതെന്ന് ലുട്നിക് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ സ്വഭാവത്തിന്റെ കയ്പ്പ് ആദ്യമറിഞ്ഞത് ഇന്ത്യ-പാകിസ്താൻ സംഘർഷ സമയത്തായിരുന്നു. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചുവെന്ന് ട്രംപ് ആദ്യമേ കയറി വെടിപൊട്ടിച്ചതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. 2025 മെയ് മാസത്തിൽ പാകിസ്താനുമായുള്ള തർക്കം താരിഫ് ഭീഷണികൾ ഉപയോഗിച്ച് നിർത്തിയെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതോടെ വ്യാപാര ബന്ധങ്ങളെ ട്രംപ് സ്വന്തം താത്പര്യങ്ങൾ നടപ്പിലാക്കാൻ ഉപകരണമാക്കുന്നുവെന്ന് ഇന്ത്യയ്ക്ക് ബോധ്യമായി. ട്രംപുമായുള്ള ഇടപെടലുകളെ ഇന്ത്യ കരുതലോടെ കൈകാര്യം ചെയ്യാൻ തുടങ്ങി.
നേരിട്ടുള്ള ബന്ധത്തിലൂടെയാണ് വെടിനിർത്തൽ സംഭവിച്ചതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ട്രംപിനെ ഇന്ത്യ നേരിട്ടു. തുടർന്നും അവകാശവാദങ്ങൾ ട്രംപ് തുടർന്നെങ്കിലും ഇന്ത്യ നിലപാട് മാറ്റിയില്ല. അതേസമയം, ട്രംപിനെ നേരിട്ട് പ്രകോപിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതുമില്ല. സ്വന്തം പരാജയം മറച്ചുവയ്ക്കാൻ പാകിസ്താൻ പെട്ടെന്ന് തന്നെ ട്രംപിന്റെ വാദത്തെ സ്വാഗതം ചെയ്തിരുന്നു. വിശ്വസനീയമായ വിവരങ്ങൾ പങ്കുവെച്ചാണ് ഇന്ത്യ അതിനെ നേരിട്ടത്.
എന്നാൽ, ട്രംപിന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജൂൺ 17-ന് പ്രസിഡന്റും പ്രധാനമന്ത്രി മോദിയും തമ്മിൽ നടന്ന ഫോൺ വിളി സംഘർഷം വർദ്ധിപ്പിച്ചു. വെടിനിർത്തലുമായി യുഎസിന് യാതൊരു ബന്ധവുമില്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി നേരിട്ട് പറഞ്ഞു. മാത്രമല്ല, നൊബേൽ സമ്മാനത്തിനായി ട്രംപിന് പിന്തുണ നൽകാനും ഇന്ത്യ വിസമ്മതിച്ചു. ഇതിന്റെ പരിണിതഫലം പെട്ടെന്നുണ്ടായി. ആഴ്ചകൾക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ ട്രംപ് 50% തീരുവ ചുമത്തി, ഇതിൽ ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങിയതിന് 25% ഉൾപ്പെടുന്നു. പാകിസ്താൻ കേവലം 19% കൊണ്ട് രക്ഷപ്പെട്ടു. ചൈനയെ നേരിടാനുള്ള പ്രതിവിധി എന്ന നിലയിൽ മുൻകാല യുഎസ് പ്രസിഡന്റുമാർ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന ന്യൂഡൽഹിയുമായുള്ള ബന്ധം അഴിയാൻ തുടങ്ങി.
അപ്പോഴും, തിരക്കുകൂട്ടുന്നതിനേക്കാൾ ക്ഷമയുടെ പാതയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. താരിഫുകൾ പ്രാബല്യത്തിൽ വന്നതു മുതൽ പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്റെ മന്ത്രിമാരോ ട്രംപുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടില്ല. ട്രംപിന്റെ ഉപദേശകർ ഇന്ത്യയെ ക്രെംലിന്റെ 'ലോൺട്രി' എന്നും കുറഞ്ഞ നിരത്തിൽ എണ്ണ വാങ്ങുന്നതിനെ 'രക്തക്കറ പുരണ്ട പണം' എന്നും കുറ്റപ്പെടുത്തി ദിവസവും പുതിയ ആക്ഷേപങ്ങൾ നടത്തിയിട്ടും ഇതാണു സംഭവിച്ചത്. മറുവശത്ത്, ട്രംപ് 'യഥാർത്ഥ', 'പ്രിയ', 'മികച്ച സുഹൃത്ത്' എന്ന് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച് പ്രശംസ തുടർന്നു. നല്ല പോലീസും ചീത്ത പോലീസുമെന്ന കളിയിൽ വീഴാതെ തന്ത്രപരമായ സന്തുലിതാവസ്ഥയാണ് ഇന്ത്യ സ്വീകരിച്ചത്. താരിഫ് സമ്മർദ്ദവും നിർബന്ധവും ഉണ്ടായിട്ടും കാർഷിക, പാൽ മേഖലകളെ അപകടത്തിലാക്കുന്ന പക്ഷപാതപരമായ വ്യാപാര കരാറിൽ ഒപ്പിടാൻ ഇന്ത്യ തിരക്കുകൂട്ടിയില്ല. അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിവെക്കാനും ഇന്ത്യ തയ്യാറായില്ല.
ഇതിന് പുറമെ യുഎസുമായുള്ള ഏത് ആശയവിനിമയം നടന്നാലും ആദ്യം തന്നെ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം പുറത്തിറക്കുന്ന രീതി തുടങ്ങി. ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സംഭാഷണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതിന് മുൻപേ, ഇന്ത്യയുടെ ഔദ്യോഗിക പതിപ്പ് പുറത്തുവിടാൻ പ്രധാനമന്ത്രി ശ്രദ്ധിച്ചു. സെപ്റ്റംബർ 17-ന് നടന്ന ഫോൺ സംഭാഷണത്തിൽ ഇന്ത്യയുടെ വശം ആദ്യം ജനങ്ങളിലെത്തിച്ചത് ട്രംപിനെ പ്രതിരോധത്തിലാക്കി. അമേരിക്കയുടെ സാമ്പത്തിക സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യ സ്വദേശി നയങ്ങൾ ശക്തമാക്കി. അതേസമയം തന്നെ റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയ്ക്ക് മറ്റ് വഴികളുണ്ടെന്ന സൂചനയും നൽകി.
ഇതിന് പുറമെ യുഎസുമായുള്ള വ്യാപാര കരാർ വൈകുമ്പോഴും ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുന്ന മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ ഒപ്പുവെച്ചു. ബ്രിട്ടൻ, ഒമാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ഉറപ്പിച്ച ഇന്ത്യ, യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളും വേഗത്തിലാക്കി. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ പൂർത്തിയായാൽ അത് ലോകത്തിലേറ്റവും വലിയ വ്യാപാര കരാറായി മാറും. 200 കോടിയിലേറെ ആളുകളെ സാമ്പത്തികമായി ബന്ധിപ്പിക്കുന്ന കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയിൽ കൂടുതൽ കരുത്തരാക്കി മാറ്റും.
മാത്രമല്ല, ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായും ഗൾഫ് മേഖലയിലെ രാജ്യങ്ങളുമായും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്ത്യ കൂടുതൽ ഇടപെടലുകൾ തുടങ്ങി. യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും ട്രംപിന്റെ നയങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ മാസങ്ങൾക്ക് മുൻപേ ഇത് തിരിച്ചറിഞ്ഞ് പ്രതിരോധം തീർത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ട്രംപിനെ നയതന്ത്രപരമായി നേരിടുകയാണ് ഇന്ത്യ ചെയ്തത്.
Content Highlights: Discover how India masterfully navigated Donald Trump`s unpredictable trade policies and tariffs, securing its interests with strategic diplomacy. Learn India`s key tactics.
Published: 21 Jan 2026, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented