ന്യൂഡൽഹി: 2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഏകോപിത ഭീകരാക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലും ജമ്മു കശ്മീരിലും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പ്രഖ്യാപിച്ചു. '26-26' എന്ന കോഡ് നാമത്തിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം.
പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചന. അയോധ്യയിലെ രാമക്ഷേത്രം, ജമ്മുവിലെ രഘുനാഥ് ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള പ്രമുഖ ആരാധനാലയങ്ങളും പ്രധാന നഗരങ്ങളുമാണ് ഭീകരരുടെ ലക്ഷ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ ചിത്രങ്ങൾ നഗരത്തിലെ പ്രധാന ഇടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള മുഹമ്മദ് രെഹാൻ, ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന മുഹമ്മദ് ഷാഹിദ് ഫൈസൽ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. കൂടാതെ മുഹമ്മദ് ഉമർ, അബു സുഫിയാൻ, സയ്യിദ് അർഷിയ, ഷർജീൽ അക്തർ എന്നിവരും ഈ പട്ടികയിലുണ്ട്.
കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിന് കാരണമായ കാർ ബോംബ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദ് തന്നെയാണ് ഈ പുതിയ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
ലഷ്കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭാഗമായ 'ഫാൽക്കൺ സ്ക്വാഡ്' സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതായും ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലഷ്കർ കമാൻഡർ അബു മൂസ കാശ്മീരി ഹിന്ദുക്കൾക്കെതിരെ അക്രമത്തിന് ആഹ്വാനംചെയ്യുന്ന വീഡിയോയും സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങൾ തമ്മിലുള്ള ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതും നിരീക്ഷണം ശക്തമാക്കുന്നതും ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Intelligence warns of coordinated terror attacks in Delhi, J&K, and major cities ahead of Republic Day 2026. Security agencies on high alert.
Published: 21 Jan 2026, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented