ന്യൂഡൽഹി: ഗാസയുടെ പുനർനിർമ്മാണത്തിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡറായ റൂവൻ അസർ. ഗാസ സമാധാന പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച റൂവൻ സമാധാനം, വികസനം, ഭീകരവാദത്തിനും ഭീകരവാദനിലപാടുകൾക്കും എതിരായ പോരാട്ടം തുടങ്ങിയ മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു.

To advertise here,

അടിസ്ഥാന സൗകര്യ വികസന രംഗത്തെ വൈദഗ്ധ്യം ഗാസ പുനർനിർമ്മാണത്തിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയാക്കുമെന്ന് അസർ ചൂണ്ടിക്കാട്ടി. അടുത്ത 10 വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളറിലധികം മൂല്യമുള്ള ടെൻഡറുകൾ ഇസ്രായേൽ വിളിക്കുമെന്നും, അതിൽ പങ്കെടുക്കാൻ ഇന്ത്യൻ കമ്പനികളെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സമാധാനപരവും സുസ്ഥിരവുമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യ കാര്യമായ സംഭാവന നൽകുമെന്ന ശുഭാപ്തിവിശ്വാസവും റൂവൻ അസർ പ്രകടിപ്പിച്ചു.

സമാധാന പദ്ധതിയുടെ പ്രധാന ലക്ഷ്യം ഗാസയിലെ തീവ്രവാദ സ്വഭാവം ഇല്ലാതാക്കുകയാണെന്നും, എന്നാൽ ഈ പദ്ധതി നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിനെപ്പോലുള്ള നേതാക്കൾ ചുമതലപ്പെടുത്തിയ ചില രാജ്യങ്ങൾക്കെതിരെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന്, "പ്രസിഡന്റ് ട്രംപ് വിഭാവനം ചെയ്ത പ്രഖ്യാപനം ഒരു ആദ്യപടിയാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനെ പിന്തുണയ്ക്കുകയും തീവ്രവാദത്തെ ചെറുക്കാൻ പ്രതിജ്ഞാബദ്ധരാകുകയും ചെയ്ത എല്ലാ രാജ്യങ്ങളും വെറും വാക്കുകളിൽ ഒതുങ്ങാതെ മുന്നോട്ട് വരും. പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനും അതിലെ സഹകരണത്തിനും ഞങ്ങൾ കാത്തിരിക്കുകയാണ്." എന്നായിരുന്നു റൂവന്റെ മറുപടി.