ന്യൂഡൽഹി: പെട്രോളിയം ഉത്ന്നങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഒരു രീതിയിലുമുള്ള പ്രതിസന്ധിയും ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പെട്രോളിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി ഭദ്രമാണെന്ന പറഞ്ഞ കേന്ദ്ര മന്ത്രി എൽപിജി ബദൽ മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ലോക്‌സഭയിൽ പറഞ്ഞു. പാതകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പെട്രോളിയം മന്ത്രി.
പാചക വാതക സിലിണ്ടുറുകൾ ലഭിക്കാത്തതിനെ തുടർന്ന് റെസ്റ്റോറന്റുകൾ അടച്ചുപൂട്ടുന്നുവെന്നും എൽപിജിയെക്കുറിച്ച് വ്യാപകമായ പരിഭ്രാന്തി നിലനിൽക്കുന്നുണ്ടെന്നും രാഹുൽ സഭയിൽ പറഞ്ഞു. ഇന്ത്യ ആരിൽനിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയെ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ സർക്കാരിനെതിരെ കടുത്ത വിമർശനവും നടത്തി.
'ഓരോ രാജ്യത്തിന്റെയും അടിസ്ഥാനം അതിന്റെ ഊർജ്ജ സുരക്ഷയാണ്. ആരിൽ നിന്ന് എണ്ണ വാങ്ങണം, ആരിൽ നിന്ന് ഗ്യാസ് വാങ്ങണം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയെ അനുവദിച്ചിരിക്കുകയാണിവിടെ. എണ്ണ വിതരണക്കാരുമായുള്ള നമ്മുടെ ബന്ധം നമുക്ക് തീരുമാനിക്കാമെന്ന രീതിയിയാണ് മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്. റഷ്യൻ എണ്ണ നമ്മൾ വാങ്ങുന്നതിൽ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിന് തീരുമാനം എടുക്കാൻ എന്തിനാണ് അനുവദിച്ചിരിക്കുന്നത്' രാഹുൽ ചോദിച്ചു. എണ്ണ വാങ്ങൽ നയത്തിൽ സംഭവിച്ച ഒത്തുതീർപ്പിന് പിന്നിൽ എപ്സ്റ്റീൻ ഫയലിലെ ഒത്തുതീർപ്പാണെന്നും രാഹുൽ ആരോപിച്ചു.
ലോകം ഇപ്പോൾ കടന്നുപോകുന്നത് ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒന്നാണെന്ന് പറഞ്ഞ പുരി, പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെങ്കിലും അതിന്റെ 'അനന്തരഫലങ്ങൾ മറികടക്കാൻ' ഇന്ത്യ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി.
'ആധുനിക ഊർജ്ജ ചരിത്രത്തിൽ ലോകം ഇതുപോലൊരു നിമിഷം നേരിട്ടിട്ടില്ല. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണം ഭദ്രമാണ്. പ്രതിസന്ധിക്ക് മുമ്പ് ഹോർമുസ് വഴി എത്തിയതിനേക്കാൾ കൂടുതൽ അളവിൽ അസംസ്‌കൃത എണ്ണ ഇന്ത്യ നേടിയെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മികച്ച നയതന്ത്ര ഇടപെടലും സൗഹൃദവുമാണ് ഇതിന് കാരണം അതിന് നന്ദി' എന്നും പെട്രോളിയം മന്ത്രി പറഞ്ഞു.
പാചകവാതകത്തിന്റെ കാര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ, നിർദ്ദേശങ്ങളിലൂടെ എൽപിജി ഉത്പാദനം 28% വർദ്ധിപ്പിച്ചിട്ടുണ്ട്, കൂടുതൽ സംഭരണവും നടക്കുന്നുണ്ട്. ഇന്ത്യയിലെ 33 കോടി കുടുംബങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അടുക്കളയിൽ ഒരു ക്ഷാമവും ഉണ്ടാകരുത് എന്നതാണ് മോദി സർക്കാരിന്റെ പ്രഥമ പരിഗണന. ആഭ്യന്തര വിതരണം പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു' മന്ത്രി പറഞ്ഞു.
വലിയ എൽഎൻജി കാർഗോകൾ ബദൽ വിതരണ റൂട്ടുകളിലൂടെ ദിവസേന എത്തിച്ചേരുന്നുണ്ട്. ദീർഘകാല സംഘർഷമുണ്ടായാലും ആവശ്യമായ ഗ്യാസ് ഉൽപാദനവും വിതരണ ക്രമീകരണങ്ങളും ഇന്ത്യയിലുണ്ട്. എല്ലാ വീടുകൾക്കും വ്യവസായങ്ങൾക്കുമുള്ള വൈദ്യുതി ഉൽപാദനം പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യുഎസ് നോർവേ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് കാർഗോകൾ വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനോ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നതിനോ ഉള്ള സമയമല്ല ഇത്. ദേശീയ താൽപ്പര്യങ്ങളുടെ പിന്നിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കണമെന്നും പുരി ആവശ്യപ്പെട്ടു.
Content Highlights: Government confirms no shortage of petroleum products in India., LPG production increased by 28% to meet domestic demand
Published: 12 Mar 2026, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented