ന്യൂഡൽഹി : തരിശായിക്കിടക്കുന്ന വനഭൂമിയെ സ്വാഭാവിക പുനരുദ്ധാരണത്തിന് അനുവദിക്കാതെയും പകരം വനവത്‌കരണം ആവശ്യപ്പെടാതെയും സ്വകാര്യതോട്ടങ്ങളാക്കാനായി വിട്ടുനൽകാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ശോഷിച്ചവനങ്ങൾ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് വാണിജ്യവിളത്തോട്ടങ്ങൾക്കായി വിട്ടുനൽകാം.
2023-ലെ വനസംരക്ഷണ ഭേദഗതിനിയമം വീണ്ടും ഭേദഗതിചെയ്തുള്ള വിജ്ഞാപനം ഈ മാസം രണ്ടിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ഇത് വനഭൂമി വൻതോതിൽ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാൻ വഴിയൊരുക്കുമെന്നാണ് ആശങ്ക.
തരിശായിക്കിടക്കുന്ന വനഭൂമിയും നിർവചനത്തിൽ വനമാണ്. വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകർക്കുംവിധം വാണിജ്യതോട്ടങ്ങൾക്കായി വിട്ടുകൊടുക്കുന്നത് ജൈവവൈവിധ്യം തകർക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടി. ഏകവിളത്തോട്ടങ്ങളുൾപ്പെടെ വൻതോതിൽ അനുവദിക്കുന്നത് ഗുരുതരമായ കാലാവസ്ഥാപ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
വനഭൂമി പദ്ധതികൾക്കായി വിട്ടുനൽകുമ്പോൾ അതേ അളവിൽ വനേതരഭൂമി പകരം വനവത്‌കരണത്തിന് കൈമാറണമെന്ന വ്യവസ്ഥയിൽ 2023-ൽ ഇളവനുവദിച്ചിരുന്നു. ഇതുപ്രകാരം മുൻപ് വനമായിരുന്നതും പിന്നീട് തരിശായതുമായ വനഭൂമിയും പകരം വനവത്‌കരണത്തിന് വിട്ടുനൽകാമെന്ന വ്യവസ്ഥയുൾപ്പെടുത്തി.
ഈ വ്യവസ്ഥതന്നെ രാജ്യത്ത് വനവിസ്തൃതി കുറയ്ക്കാൻ വഴിയൊരുക്കുന്നതാണെന്ന ആശങ്ക നിലനിൽക്കേയാണ്, അതിലും വലിയ പ്രത്യാഘാതമുണ്ടാക്കാവുന്ന പുതിയ ഭേദഗതി.
അതത് സംസ്ഥാന വനംമന്ത്രാലയങ്ങൾ തയ്യാറാക്കുന്ന പരിപാലന രൂപരേഖയനുസരിച്ചാണ് തോട്ടങ്ങൾ അനുവദിക്കേണ്ടതെന്ന് പുതിയ ഭേദഗതിവ്യവസ്ഥ പറയുന്നു.
തോട്ടങ്ങളിൽനിന്നുള്ള വരുമാനം പങ്കിടുന്നതിനും ഉപയോഗത്തിനും ആവശ്യമായ രൂപരേഖ സംസ്ഥാനസർക്കാരുകൾക്ക് തയ്യാറാക്കാം. ഈ വ്യവസ്ഥ സംസ്ഥാനസർക്കാരുകൾക്ക് വരുമാനമുണ്ടാക്കാൻ വഴിയൊരുക്കുന്നതാണെന്നാണ് ഭേദഗതിയെ അനുകൂലിക്കുന്നവരുടെ വാദം.
2023-ലെ വനസംരക്ഷണ ഭേദഗതി നിയമത്തിലെ ഖണ്ഡിക 7.2-ൽ പതിന്നാലാം ഉപഖണ്ഡികയിലാണ് ഭേദഗതി.
പൾപ്പ് ഇറക്കുമതി കുറയ്ക്കാനെന്ന് വാദം
ഇന്ത്യയുടെ പൾപ്പ്, കടലാസ് ഇറക്കുമതി കുറയ്ക്കാനാണ് പുതിയ ഭേദഗതിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
മന്ത്രാലയത്തിനു കീഴിലെ വന ഉപദേശകസമിതി ഡിസംബർ രണ്ടിന് നൽകിയ നിർദേശപ്രകാരമാണിത്.
2024-25ൽ കടലാസ്, പേപ്പർബോർഡ് ഇറക്കുമതി 20.5 ലക്ഷം ടൺ ആണ്. 2020-21ൽ 10.8ലക്ഷം ടൺ ആയിരുന്നതാണ് കുത്തനെ ഉയർന്നതെന്ന് ഇന്ത്യൻ പേപ്പർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ വർഷം മേയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഭേദഗതി ഇങ്ങനെ
പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി സംസ്ഥാനസർക്കാർ ഉണ്ടാക്കുന്ന പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ തോട്ടം നിർമാണത്തിനോ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനോ സഹായകമായ പ്രവൃത്തിയിലേർപ്പെടാം. സംസ്ഥാന വനംവകുപ്പിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന വർക്കിങ് / മാനേജ്‌മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണമിത്. ഈ പ്രവൃത്തികൾക്കുപകരം വനവത്‌കരണമോ നിലവിലെ ഭൂമിവിലയ്ക്കനുസരിച്ച് മുൻകൂർ പണമടയ്ക്കുകയോ വേണ്ടാ
Content Highlights: Govt allows degraded forest land for private plantations without restoration or compensatory afforestation. Experts warn of biodiversity loss & climate impact.
Published: 08 Jan 2026, 06:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented