ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിക്കടിയിലൂടെ ടണൽ റോഡ് നിർമ്മിക്കാനൊരുങ്ങുകയാണ് രാജ്യം. ഇതാദ്യമായാണ് ഇന്ത്യ ഒരു നദിക്കടിയിൽ കൂടി തുരങ്കം നിർമ്മിക്കുന്നത്. അസമിലെ ഗൊഹ്പുർ - നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കം.
ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിന് സമീത്തായാണ് തുരങ്ക നിർമ്മാണം. അസം- അരുണാചൽ പ്രദേശ് എന്നിവയെ ബന്ധിപ്പിക്കാൻ സാധിക്കുന്ന ഈ തുരങ്കം തന്ത്രപ്രാധാന്യമേറിയതാണ്. സൈനിക സാമഗ്രികള്‍, യുദ്ധോപകരണങ്ങള്‍ മുതലയാലവ എത്തിക്കുന്നതിന് ഇത് വളരെയധികം പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അനുമതി ലഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. 6000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിക്കഴിഞ്ഞു. ഇനി പദ്ധതി ആരംഭിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി ഇത് സമർപ്പിക്കേണ്ടതുണ്ട് - അസം സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൻകിട പദ്ധതിയായതിനാൽ കേന്ദ്ര അനുമതി ആവശ്യമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ നിന്നാണ് അന്തിമ തീരുമാനം വരേണ്ടത്.
33.7 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് പദ്ധതിയിൽ പറയുന്നത്. ഇതിന്റെ രൂപരേഖ എൻഎച്ച്ഐഡിസിഎൽ (നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) തയ്യാറാക്കിയിട്ടുണ്ട്. 32 മീറ്ററോളം ആഴത്തിലായാണ് എൻഎച്ച്ഐഡിസിഎൽ തുരങ്കം രൂപകല്പ്പന ചെയ്തിരിക്കുന്നത്.
നാഷണൽ ബോർഡ് ഫോർ വൈൽഡ്ലൈഫ് സ്റ്റാൻഡിങ് കമ്മിറ്റി തുരങ്കപാതാ നിർമ്മാണത്തിന് അംഗീകാരം നൽകിയിരുന്നു. എങ്കിലും മണ്ണിന്റെ സ്ഥിരത, ഭൂഗർഭജല ചലനം, അവശിഷ്ട പാറ്റേണുകൾ, ഭൂകമ്പ സാധ്യതകൾ തുടങ്ങിയവയെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തൽ ആവശ്യമാണെന്ന് പറഞ്ഞിരുന്നു.
‘നദിക്ക് കുറുകെ നിരവധി പാലങ്ങളുണ്ട്. എന്നാൽഎന്തുകൊണ്ട് വെള്ളത്തിനടിയിൽ ഒരു തുരങ്കം ഉണ്ടാക്കിക്കൂടാ? ജമ്മു കശ്മീരിലെ അടൽ തുരങ്കത്തെക്കുറിച്ച് നമുക്കറിയാം. ട്രെയിനുകൾക്കും വാഹനങ്ങൾക്കും പോകാൻ പറ്റുന്ന രീതിയിൽ ബ്രഹ്മപുത്ര നദിക്കടിയിൽ എന്തുകൊണ്ട് ഒരു തുരങ്കം ഉണ്ടാക്കിക്കൂടാ എന്ന് ഞാൻ ചിന്തിക്കുമായിരുന്നു’ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇതൊരു സ്വപ്നമായി അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്. ഒരിക്കൽ ഡൽഹിയിൽ എത്തിയപ്പോൾ ഇക്കാര്യം ഞാൻ അവതരിപ്പിച്ചു. ചർച്ച നടന്നു. തുടർന്ന് ഗൊഹ്പുർ നുമലിഗഡ് തിരഞ്ഞെടുക്കുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: India is set to build its first under-river tunnel beneath the Brahmaputra River
Published: 04 Oct 2025, 12:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented