ന്യൂഡല്‍ഹി: ഏറെക്കാലമായി മുടങ്ങിക്കിടന്ന കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കാന്‍ ഇന്ത്യ- ചൈന ധാരണ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയിലാണ് യാത്ര പുനരാരംഭിക്കാന്‍ തീരുമാനമായത്. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകള്‍ പ്രകാരമുള്ള രീതികള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമായി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദര്‍ശനത്തിലാണ് കൈലാസയാത്രയുടെ കാര്യത്തില്‍ തീരുമാനമുണ്ടായത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 

To advertise here,

കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അന്ന് ചര്‍ച്ചയില്‍ വന്നിരുന്നു. ഇരുരാജ്യങ്ങളിലേയും ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഉഭയകക്ഷി സഹകരണത്തിലൂടെ മാത്രമേ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനാകുവെന്ന് അന്നത്തെ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും സമ്മതിച്ചിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കൈലാസ- മാനസ സരോവര്‍ യാത്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിലേക്കെത്തിയത്. 

2020-ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷവും അതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തതോടെ യാത്ര പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ശാന്തമായി ഇരുരാജ്യങ്ങളും സേനയെ പിന്‍വലിച്ചതോടെയാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള മറ്റുനടപടികളിലേക്ക് കടന്നത്.