ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ പട്രോളിങ് പുനഃരാരംഭിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട സേനാപിന്മാറ്റത്തില്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തി. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതാനും ആഴ്ചകളായി ഇന്ത്യയും ചൈനയും ചർച്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ദേപ്സാങ്ങിലും ഡെംചോക്കിലും ആയിരിക്കും പട്രോളിങ്. ബ്രിക്‌സ് ഉച്ചകോടി ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് പ്രഖ്യാപനം. 

To advertise here,

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ റഷ്യയിൽനടന്ന കൂടിക്കാഴ്ചയിൽ ധാരണയായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഗാൽവൻ താഴ്‌വരയുൾപ്പെടെ കിഴക്കൻ ലഡാക്കിലെ നാലിടങ്ങളിൽനിന്ന് സൈന്യം പിൻമാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അന്ന് വ്യക്തമാക്കി. സെയ്ന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കുന്ന ബ്രിക്സ്‌ അംഗരാജ്യങ്ങളിലെ സുരക്ഷാകാര്യനേതാക്കളുടെ യോഗത്തിനിടെയാണ് ഡോവലും യിയും തമ്മിൽ കണ്ടത്. 

2020-ലെ ​ഗാൽവൻ സംഘർഷത്തിനുശേഷമുള്ള വിഷയങ്ങൾ ഇരുരാജ്യങ്ങളും പരിഹരിച്ചതിന്റെ സൂചനയാണ് ഇപ്പോഴത്തെ നീക്കം. 2020 ജൂണിൽ ലഡാക്കിലെ ​ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നിരവധി ചൈനീസ് സൈനികർ മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 

16-ാം ബ്രിക്സ് ഉച്ചകോടി റഷ്യയിലെ കസാനിൽ ചൊവ്വാഴ്ച ആരംഭിക്കും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.