മുംബൈ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡന്റ് 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു. സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായപ്രമുഖരുടെയും ആഹ്വാനത്തിനു ചുവടുപിടിച്ചാണ് സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നത്.
ലോകത്തിൽ ഏറ്റവുംകൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അമേരിക്കൻ ബ്രാൻഡുകളുടെ പ്രധാന വിപണികളിലൊന്നാണ്. ഡൊമിനോസ്, മക്ഡോണൾഡ്സ്, ശീതളപാനീയക്കമ്പനികളായ പെപ്സി, കൊക്കകോള, ഐഫോൺ തുടങ്ങിയവയ്ക്കെതിരേയാണ് ബഹിഷ്കരണാഹ്വാനം ഉയർന്നിട്ടുള്ളത്. നിലവിൽ ബഹിഷ്കരണ ആഹ്വാനം കമ്പനികളുടെ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നാണ് വിവരം.
ഇന്ത്യയിലെ ടെക്നോളജി കമ്പനികൾ ലോകത്തിനായി ഉത്പന്നങ്ങൾ ഉണ്ടാക്കിനൽകുന്നു. ഇപ്പോൾ ഇന്ത്യയുടെ ആവശ്യങ്ങൾക്കിണങ്ങുന്ന രീതിയിൽ രാജ്യത്തിനു മുൻഗണന നൽകേണ്ട സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യൻ കമ്പനിയായ വൗ സ്കിൻ സയൻസിന്റെ സഹസ്ഥാപകൻ മനീഷ് ചൗധരി ഇന്ത്യൻ കർഷകർക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ അഭ്യർഥിച്ച് ലിങ്ക്ഡ് ഇന്നിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇന്ത്യയിൽ നിർമിച്ചതിനെ തരംഗമാക്കാനും അദ്ദേഹം പറയുന്നു.
അതേസമയം, അമേരിക്കൻ ഉത്പന്നങ്ങൾക്ക് ബഹിഷ്കരണ ആഹ്വാനം ഉയരുന്നതിനിടയിൽ ഇലോൺ മസ്കിന്റെ ടെസ്‌ല കാർ ഇന്ത്യയിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ഡൽഹിയിലാണ് പുതിയ ഷോറൂം. വ്യവസായമന്ത്രി പീയൂഷ് ഗോയൽ ചടങ്ങിൽ പങ്കെടുക്കുകയുംചെയ്തു. സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ മെറ്റയുടെ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഗൂഗിളിന്റെ യുട്യൂബ്, ജി-മെയിൽ, ഇലോൺ മക്സിന്റെ എക്സ് പ്ലാറ്റ്ഫോം, ഇ-കൊമേഴ്സ് കമ്പനികളായ ആമസോൺ, വോൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാർട്ട് എന്നിവയെല്ലാം അമേരിക്കൻ കമ്പനികളാണ്.
Content Highlights: Indian Social Media Calls for Boycott of US Goods After Tariff Hike
Published: 12 Aug 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented