ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ‘കുത്തകമാതൃക’യാണ് ഇൻഡിഗോ പ്രതിസന്ധിക്ക് വഴിവെച്ചതെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു രംഗത്ത്. ഇതൊരു രാഷ്ട്രീയ വിഷയമല്ലെന്നും പൊതുജനങ്ങളുടെ വിഷയമാണെന്നും രാഹുൽ ഗാന്ധി പൂർണവിവരങ്ങളോടെ സംസാരിക്കുന്നത് നന്നായിരിക്കുമെന്നും നായിഡു പറഞ്ഞു.

To advertise here,

“വ്യോമയാന മേഖലയിൽ കൂടുതൽ മത്സരം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. ലീസിങ് ചെലവുകൾ കുറയ്ക്കുന്നതിനും കൂടുതൽ വിമാനങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഞങ്ങൾ നിയമനിർമാണം നടത്തി. രാജ്യത്ത് വിമാനയാത്രയുടെ ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ മേഖലയിലേക്ക് കൂടുതൽ കമ്പനികൾക്ക് പ്രവേശിക്കാൻ ഇതൊരു അവസരമാണ്. സർക്കാരും ഇത് ആഗ്രഹിക്കുന്നു. അദ്ദേഹം (രാഹുൽ ഗാന്ധി) പൂർണമായ വിവരങ്ങളോടെ സംസാരിക്കുന്നത് നന്നായിരിക്കും"- നായിഡു പറഞ്ഞു.

വിമാനങ്ങൾ റദ്ദാക്കുന്നതിലേക്കും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതിലേക്കും നയിച്ച ഇൻഡിഗോ പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ പരാജയം ഈ സർക്കാരിൻ്റെ കുത്തക മാതൃകയ്ക്ക് സാധാരണക്കാരായ ഇന്ത്യക്കാർ നൽകേണ്ടിവരുന്ന വിലയാണെന്നും രാഹുൽ എക്സ് പോസ്റ്റിൽ പറഞ്ഞിരുന്നു.

ജീവനക്കാരുടെ കുറവ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഇൻഡിഗോ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാരെ കുടുക്കിലാക്കുകയും ചെയ്തു. ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കഴിഞ്ഞ ജനുവരിയിൽ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുകയും ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ തുടങ്ങുകയും ചെയ്തിരുന്നു,

എന്നാൽ, ഇൻഡിഗോയ്ക്ക് അവരുടെ ജീവനക്കാരെ പുതുക്കിയ പട്ടിക അനുസരിച്ച് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. ഇത് അവരുടെ പ്രവർത്തനങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കുകയും ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുകയും ചെയ്തു. പുതിയ റിപ്പോർട്ടുകളനുസരിച്ച് ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.