ന്യൂഡൽഹി: 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിലെ ആദ്യ ദിനത്തിൽ പ്രതിനിധികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമചോദിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നതിന് പിന്നാലെയാണ് മന്ത്രി ക്ഷമാപണം നടത്തിയത്. ആദ്യ ദിനത്തിൽ എഴുപതിനായിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു. പ്രദർശകരുടേയും സന്ദർശകരുടേയും വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യം ഏറെ ഉർജ്ജം പകരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

To advertise here,

ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയാണ് ഇത്. അസാധാരണമാംവിധത്തിലാണ് ഇതിന് ലഭിക്കുന്ന പ്രതികരണം. നിലവിൽ പരിപാടിയുടെ സംഘാടനം വളരെ സുഗമമായിട്ടാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കിൽ അവരോട് ക്ഷമചോദിക്കുന്നു- ഡൽഹി ഭാരത് മണ്ഡപത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

നിങ്ങളുടെ പ്രതികരണം എന്തുതന്നെ ആയാലും അത് ഞങ്ങളെ അറിയിക്കുക. തുറന്നമനസ്സോടെ അവയെ ഞങ്ങൾ സമീപിക്കും. എല്ലാവർക്കും ആസ്വദിക്കുന്ന തരത്തിലേക്ക് ഉച്ചകോടിയെ മാറ്റും. കഴിഞ്ഞ ദിവസം മുതൽ ഒരു വാർ റൂം തുടങ്ങിയിട്ടുണ്ട്. ഉച്ചകോടിക്കുവേണ്ടി എല്ലാ ടീം അംഗങ്ങളും രാത്രിയും പകലുമെന്നില്ലാതെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചകോടിയിൽ ആദ്യദിനത്തിൽത്തന്നെ അതിരൂക്ഷമായ തിക്കുംതിരക്കും അനുഭവപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർ പാടുപെട്ടു. വിവിഐപികളുടെ സുരക്ഷാ ക്രമീകരണങ്ങൾക്കൂടി ആയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിയാതായെന്നാണ് റിപ്പോർട്ട്. ആദ്യദിനത്തിൽ രജിസ്ട്രേഷൻ ക്യൂആർ കോഡ് സംവിധാനത്തിലൂടെ ആയിരുന്നു ഒരുക്കിയിരുന്നത്. എന്നാൽ, ഉദ്ഘാടനദിവസത്തിന് മുമ്പുതന്നെ 2.5 ലക്ഷം പേർ ഇതിൽ രജിസ്റ്റർ ചെയ്തതായാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രജിസ്ട്രേഷൻ നിർത്തിവെക്കണ്ട സാഹചര്യവും ഉണ്ടായി.

ഒരു ദിവസം ആകെ ഒരു ലക്ഷം പേർക്ക് എന്ന രീതിയിലാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. ആദ്യദിനത്തിൽത്തന്നെ ഒന്നിച്ചെത്തിയത് അരലക്ഷത്തിലേറെ പേരാണ്. ഇതിനൊപ്പം വിവിഐപികളും എത്തി. ഇതോടെ സുരക്ഷാ ക്രമീകരണങ്ങളും മറ്റും പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വെല്ലുവിളിയായി. എന്നാൽ പിന്നീട് ഇത് നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ ആദ്യമായി ഇന്ത്യ ആതിഥ്യംവഹിക്കുന്ന എ.ഐ. ഇംപാക്ട് ഉച്ചകോടി തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഭാരത് മണ്ഡപത്തിലും സുഷമാ സ്വരാജ് ഭവനിലുമായി വെള്ളിയാഴ്ചവരെ നീളുന്ന പരിപാടിയുടെ ഭാഗമായുള്ള എ.ഐ. പ്രദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. എക്സ്‌പോയിലെ സ്റ്റാർട്ടപ്പുകളുമായും കമ്പനി പ്രതിനിധികളുമായും മോദി സംവദിച്ചു. കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി ജിതിൻ പ്രസാദയും ഒപ്പമുണ്ടായിരുന്നു. ഉച്ചകോടി തിങ്കളാഴ്ച ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. വിവിധ വിഷയങ്ങളിലെ സെഷനുകൾ തിങ്കളാഴ്ച ആരംഭിച്ചു.

500-ലേറെ സ്റ്റാർട്ടപ്പ് കമ്പനികൾ പ്രദർശനത്തിലുണ്ട്. ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ. തുടങ്ങിയ 30 വിദേശരാജ്യങ്ങളിൽനിന്ന് സ്റ്റാളുകളുണ്ട്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് കമ്പനി മേധാവികളും പങ്കെടുക്കും