മുംബൈ: ഇന്ത്യയുടെ വളർച്ച അനുമാനം ഉയർത്തി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). 2025-’26 സാമ്പത്തികവർഷം രാജ്യം 6.6 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫിന്റെ ലോക സാമ്പത്തികവീക്ഷണ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ തീരുവയുടെ ആഘാതം മറികടന്ന് ഇന്ത്യ മുൻപ്‌ കണക്കാക്കിയിരുന്നതിലും 0.20 ശതമാനം അധികവളർച്ച നേടുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.

To advertise here,

ഏപ്രിൽ-ജൂൺ പാദത്തിൽ അപ്രതീക്ഷിതമായി ഇന്ത്യ 7.8 ശതമാനം വളർച്ച നേടിയിരുന്നു. സ്വകാര്യ ഉപഭോഗം ശക്തമായതാണ് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ടു നയിക്കുന്നത്. ഇതാണ് അനുമാനം ഉയർത്താൻ ഐഎംഎഫിനെ പ്രേരിപ്പിക്കുന്ന ഘടകവും. ഈ സാഹചര്യത്തിൽ ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന വളർച്ചയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും ഐഎംഎഫ് വ്യക്തമാക്കി. അതേസമയം, 2026-’27 സാമ്പത്തികവർഷത്തെ വളർച്ച അനുമാനം 0.20 ശതമാനം കുറച്ച് 6.2 ശതമാനമാക്കി.

നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്കെത്തുമെന്ന് കഴിഞ്ഞയാഴ്ച ലോകബാങ്കും സൂചിപ്പിച്ചിരുന്നു. നേരത്തേ കണക്കാക്കിയിരുന്ന 6.3 ശതമാനത്തിൽനിന്നാണ് ലോകബാങ്ക് അനുമാനം ഉയർത്തിയത്.

ഇന്ത്യയിലെ പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഐഎംഎഫ് മേധാവി

ഇന്ത്യയിൽ നടന്നുവരുന്ന സാമ്പത്തിക പരിഷ്കരണനടപടികളെ അഭിനന്ദിച്ച് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. പ്രത്യക്ഷ, പരോക്ഷ നികുതി പരിഷ്കാരങ്ങളും ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ ത്വരഗതിയിലുള്ള വളർച്ചയും ആധാർ വഴിയുള്ള ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനവും മികവിന്റെ ഉദാഹരണങ്ങളാണെന്ന് വാഷിങ്ടണിൽ ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് പ്രതിനിധികളുടെയും യോഗത്തിൽ അവർ എടുത്തുകാട്ടി.

ഇന്ത്യയുടെ ഭേദഗതികളിൽ സംശയങ്ങളേറെയായിരുന്നു. അത് തെറ്റായിരുന്നുവെന്ന് അവർ തെളിയിച്ചു. ചരക്ക്-സേവന നികുതി പരിഷ്കരണവും ഡിജിറ്റൽ പേമെന്റ് രംഗത്തെ വളർച്ചയും അതിനുതെളിവാണ്. ആഗോളതലത്തിൽ ശരാശരി വളർച്ചനിരക്ക് മൂന്നുശതമാനം മാത്രമാണ്. കോവിഡിനുമുൻപിത് 3.7 ശതമാനംവരെയായിരുന്നു. ചൈനയിൽ വളർച്ചനിരക്ക് താഴേക്കാണ്. ഇന്ത്യ പ്രധാന വളർച്ചാകേന്ദ്രമായി മാറുകയാണെന്നും ക്രിസ്റ്റലീന കൂട്ടിച്ചേർത്തു.

2025-ൽ പ്രധാന രാജ്യങ്ങളിലെ വളർച്ച അനുമാനം

രാജ്യം-വളർച്ച (%)

ഇന്ത്യ - 6.6

ചൈന - 4.8

സൗദി അറേബ്യ - 4.0

നൈജീരിയ - 3.9

സ്പെയിൻ - 2.9

ബ്രസീൽ - 2.4

ബ്രിട്ടൻ - 1.3

ജപ്പാൻ - 1.1

അമേരിക്ക - 2.0

ഫ്രാൻസ് - 0.7

റഷ്യ - 0.6

ജർമനി - 0.2