ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസ് (ഐ.എഫ്.എസ്.) ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്തു. ഡല്‍ഹി ചാണക്യപുരിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ജിതേന്ദ്ര റാവത്ത് എന്ന ഉദ്യോഗസ്ഥനാണ് രാവിലെ ആറുമണിയോടെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

ജിതേന്ദ്ര സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇദ്ദേഹം ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ മാര്‍ച്ച് ഏഴാം തീയതി രാവിലെ അന്തരിച്ചുവെന്ന് എം.ഇ.എ. പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.  

അതേസമയം, ജിതേന്ദ്ര, വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എം.ഇ.എ. റെസിഡന്‍ഷ്യല്‍  കോംപ്ലക്‌സില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഒന്നാം നിലയിലെ താമസക്കാരനായിരുന്ന ഇദ്ദേഹം നാലാമത്തെ നിലയിലെത്തി അവിടെനിന്ന് ചാടുകയായിരുന്നു. ജിതേന്ദ്രയുടെ ഭാര്യയും മക്കളും ഡെഹ്‌റാഡൂണിലാണ് താമസിക്കുന്നതെന്നാണ് വിവരം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)