ന്യൂഡല്‍ഹി: രാജ്യത്തുടനീളം വാഹനങ്ങള്‍ക്ക് തടസമില്ലാതെയുള്ള സഞ്ചാരം ഉറപ്പുവരുത്താനായി ജി.പി.എസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പിരിവ് സംവിധാനത്തിന് സര്‍ക്കാര്‍ അന്തിമ രൂപംനല്‍കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതുവഴി അടുത്ത രണ്ട് വര്‍ഷത്തിനകം രാജ്യം ടോള്‍ ബൂത്ത് രഹിതമായി മാറുമെന്നും ഗഡ്കരി വ്യക്തമാക്കി. 

വാഹനങ്ങളുടെ സഞ്ചാരത്തിന് അനുസൃതമായി വ്യക്തികളുടെ ബാങ്ക് അകൗണ്ടുകളില്‍ നിന്ന് നേരിട്ട് തുക ഈടാക്കുന്ന രീതിയിലേക്ക് ടോള്‍ പിരിവ് മാറും. നിലവില്‍ രാജ്യത്തെ എല്ലാ വാണിജ്യ വാഹനങ്ങളും വെഹിക്കല്‍ ട്രാക്കിങ് സംവിധാനത്തോടെയാണ് പുറത്തിറങ്ങുന്നത്. പഴയ വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. 

വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ രൂപീകരണവാര ചടങ്ങ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ ടോള്‍ പിരിവ് 34,000 കോടിയായി മാറും. ടോള്‍ പിരിവിനായി ജി.പി.എസ് സംവിധാനം സ്ഥാപിക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോള്‍ വരുമാനം 1,34,000 കോടിയാകുമെന്നും ഗഡ്കരി വ്യക്തമാക്കി. 

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും വ്യവസായിക വികസനം വളരെ പ്രധാനമാണ്. എന്നാല്‍ നിലവില്‍ വ്യവസായങ്ങള്‍ നഗര പ്രദേശങ്ങളില്‍ കേന്ദ്രീകൃതമാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഇത് വലിയ പ്രശ്‌നമാണ് തീര്‍ക്കുന്നത്. അതിനാല്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിന് രാജ്യത്ത് വ്യവസായ വികേന്ദ്രീകരണം അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസത്തില്‍ പൊതു-സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാമ്പത്തികമായി ലാഭകരമല്ലാത്ത പദ്ധതികളില്‍ സര്‍ക്കാരിന്റെ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.

content highlights: Highways to be toll booth free in 2 years, says Nitin Gadkari; finalises GPS technology for toll collection