ബെംഗളൂരു: പേരക്കുട്ടിയും എം.പിയുമായ പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസിൽ മൗനം വെടിഞ്ഞ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ജെ.ഡി (എസ്) നേതാവുമായ എച്ച്.ഡി. ദേവഗൗഡ. പേരക്കുട്ടിക്കെതിരായ കുറ്റാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ 92-ാം പിറന്നാള്‍ ദിനമായ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദേവഗൗഡ ഇക്കാര്യം പറഞ്ഞത്.
അതേസമയം തന്റെ മകനും ജെ.ഡി (എസ്) എം.എല്‍.എയുമായ എച്ച്.ഡി. രേവണ്ണയ്ക്കെതിരായ ലൈംഗികപീഡന കേസുകളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും കെട്ടിച്ചമച്ചതാണെന്നും ദേവഗൗഡ പറഞ്ഞു. കോടതിയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയമായി തകര്‍ക്കാനും ഗൂഢാലോചന നടന്നു. ഇപ്പോള്‍ ആരുടേയും പേര് പറയുന്നില്ല. ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തന്റെ അഭ്യുദയകാംക്ഷികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എവിടെ നിന്നും തനിക്ക് ആശംസകള്‍ നേരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ ഉയര്‍ന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. ചില സ്ത്രീകള്‍ പരാതി നല്‍കിയതോടെ ഏപ്രില്‍ 27-നാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്. ഹാസന് മണ്ഡലത്തിലെ ബി.ജെ.പി-ജെ.ഡി (എസ്) സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് പ്രജ്ജ്വല്‍ രേവണ്ണ.
Content Highlights: No objection to action against grandson if found guilty, says HD Deve Gowda on Prajwal Revanna case
Published: 18 May 2024, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented