ചണ്ഡീഗഢ് : ഹരിയാണയിൽ പത്ത് പെൺമക്കൾക്ക് ശേഷം 37കാരി ആൺകുട്ടിയ്ക്ക് ജന്മം നൽകി. ജിന്ധ് ജില്ലയിലെ ഉച്ചാനയിലുള്ള ഓജസ് ഹോസ്പിറ്റൽ ആൻഡ് മെറ്റേണിറ്റി ഹോമിൽ വെച്ചാണ് 11-ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവം വളരെ അപകടകരമായ വിഭാഗത്തിലാണ് ഡോക്ടർമാർ ഉൾപ്പെടുത്തിയിരുന്നത്. അമ്മയ്ക്ക് മൂന്ന് യൂണിറ്റ് രക്തം ആവശ്യമായി വന്നെങ്കിലും അമ്മയും നവജാതശിശുവും ഇപ്പോൾ സുഖമായിരിക്കുന്നതായാണ് വിവരം.

To advertise here,

ജനുവരി 3-നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം കുട്ടി ജനിക്കുകയും ചെയ്തു. താമസിയാതെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്യുകയും അവരുടെ ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്തു.

19 കൊല്ലം മുൻപാണ് യുവതി വിവാഹിതയായത്. 38 വയസ്സുകാരനും ദിവസക്കൂലിക്കാരനായ സഞ്ജയ് കുമാർ ആണ് ഭർത്താവ്. താനും മൂത്ത പെൺമക്കളിൽ ചിലരും ഒരു മകനെ പ്രതീക്ഷിച്ചിരുന്നതായി സഞ്ജയ് കുമാർ പറഞ്ഞു. തന്റെ മിക്ക പെൺമക്കളും സ്കൂളിൽ പോകുന്നുണ്ടെന്നും, ഏറ്റവും മൂത്തയാൾ 12-ാം ക്ലാസ്സിൽ പഠിക്കുന്നുണ്ടെന്നും സഞ്ജയ് പറഞ്ഞു. വരുമാനം പരിമിതമാണെങ്കിലും എല്ലാ മക്കൾക്കും മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവിച്ചതെല്ലാം ദൈവഹിതമാണെന്നും താൻ അതിൽ സന്തോഷവാനാണെന്നും സഞ്ജയ് പറഞ്ഞു.

പത്ത് പെൺമക്കളുടെ പേരുകൾ ഓർത്തെടുക്കാൻ സഞ്ജയ് പാടുപെടുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം കുടുംബത്തിന്റെ കഥ ശ്രദ്ധ നേടുകയുണ്ടായി. പെൺകുട്ടികൾ ഇന്ന് എല്ലാ രംഗത്തും വിജയം നേടാൻ കഴിവുള്ളവരാണെന്ന് സഞ്ജയ് പറഞ്ഞു.

സന്തുഷ്ടരായ സഹോദരിമാർ നവജാത സഹോദരന് 'ദിൽഖുഷ്' എന്ന് പേരിട്ടു. തന്റെ കുടുംബത്തിന് പത്ത് പെൺമക്കൾ ലഭിച്ചിട്ടുണ്ട്, അവരെല്ലാം ദൈവത്തിൽ നിന്നുള്ള സമ്മാനമായി കണക്കാക്കുന്നു, സഞ്ജയ് പറഞ്ഞു. ഏറ്റവും മൂത്ത മകൾ, 18 വയസ്സുള്ള സരിന, സർക്കാർ സ്കൂളിൽ 12-ാം ക്ലാസ്സിൽ പഠിക്കുന്നു, 11-ാം ക്ലാസ്സിൽ പഠിക്കുന്ന അമിതയാണ് രണ്ടാമത്തെ കുട്ടി. സുശീല 7-ാം ക്ലാസ്സിലും കിരൺ 6-ാം ക്ലാസ്സിലും ദിവ്യ 5-ാം ക്ലാസ്സിലും മന്നത്ത് 3-ാം ക്ലാസ്സിലും കൃതിക 2-ാം ക്ലാസ്സിലും അമ്നീഷ് ഒന്നാം ക്ലാസ്സിലും പഠിക്കുന്നു. ഒൻപതാമത്തെയും പത്താമത്തെയും പെൺകുട്ടികൾ ലക്ഷ്മിയും വൈശാലിയും ആണ്.

ഹരിയാണയുടെ ലിംഗ അനുപാതത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് സംഭവം. 2025-ൽ 1000 പുരുഷന്മാർക്ക് 923 സ്ത്രീകൾ എന്ന നിലയിലേക്ക് മെച്ചപ്പെട്ടെങ്കിലും, ഇത് ദേശീയ ശരാശരിക്ക് താഴെയാണ്.