ന്യൂഡൽഹി: പതിമൂന്നു വർഷമായി അബോധാവസ്ഥ(കോമ)യിൽ ജീവിക്കുന്ന ഹരീഷ് റാണെയ്ക്ക് ദയാവധം അനുവദിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി അന്തിമവിധി മാറ്റിവെച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി, റാണെയുടെ കുടുംബത്തിനുവേണ്ടി അഭിഭാഷക രശ്മി നന്ദകുമാർ എന്നിവർ നടത്തിയ വാദങ്ങൾ കേട്ടു. 2013 മുതൽ വെന്റിലേറ്റർ വഴി ജീവൻ നിലനിർത്തുന്ന മുപ്പത്തിരണ്ടുകാരന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
ഡോക്ടർമാരുടെ അഭിപ്രായത്തെ മാനിക്കാതെ കുടുംബം വൈകാരികമായി ഒരു തീരുമാനം എടുത്താൽ എന്തു സംഭവിക്കുമെന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. കുടുംബത്തിന്റെ സമ്മതം രേഖാമൂലം ലഭിക്കാതെ മെഡിക്കൽ ബോർഡ് വിഷയത്തിൽ ഇടപെടരുതെന്ന് ജസ്റ്റിസ് പർദിവാല നിർദ്ദേശിച്ചു. കുടുംബാംഗങ്ങൾ ജീവൻ നിലനിർത്താനുള്ള ചികിത്സ നിർത്തലാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ മെഡിക്കൽ പരിശോധനകൾ നടത്തുന്ന മെഡിക്കൽ ബോർഡുകളിൽ അംഗങ്ങളാകാൻ ഡോക്ടർമാരെ ആശുപത്രികൾ നാമനിർദ്ദേശം ചെയ്യണമെന്ന് രശ്മി നന്ദകുമാർ നിർദേശിച്ചു.
ദയാവധം അനുവദിക്കുന്നത് സുപ്രീം കോടതി അംഗീകരിച്ചാൽ, 2018-ൽ നിയമവിധേയമാക്കിയതിന് ശേഷം ഇന്ത്യയിൽ കോടതി ഉത്തരവിലൂടെയുള്ള ജീവൻ അവസാനിപ്പിക്കുന്നതിനുള്ള ആദ്യത്തെ കേസാവും ഇത്.
2013 ഓഗസ്റ്റ് 20-ന് രാഖി ദിനത്തിലാണ് റാണ കുടുംബത്തിന്റെ ലോകം തലകീഴായി മറിഞ്ഞത്. ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ആദ്യം ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നു.
റാണ കുടുംബത്തിന്റെ ലോകം എയിംസിലെ ഹരീഷിന്റെ കിടപ്പുമുറിയിൽ ഒതുങ്ങി. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും വഷളായി. മറ്റ് രണ്ട് കുട്ടികൾ കൂടിയുള്ള ഹരീഷിന്റെ മാതാപിതാക്കൾ ഡൽഹിയിലെ മഹാവിർ എൻക്ലേവിൽ ഉണ്ടായിരുന്ന വീട് വിൽക്കുകയും ഗാസിയാബാദിലേക്ക് താമസം മാറുകയും ചെയ്തു.
ഹരീഷിന്റെ സജീവമായ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പ്രത്യാശ മങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ മാതാപിതാക്കൾ 2024 ജൂലൈയിൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദയാവധം ആവശ്യപ്പെട്ടു. അതായത് ചികിത്സയില്ലാത്ത അവസ്ഥയിൽ ഒരാളുടെ ദുരിതം ലഘൂകരിക്കാൻ ജീവൻ ബോധപൂർവ്വം അവസാനിപ്പിച്ചു തരണമെന്നായിരുന്നു അവരുടെ ആവശ്യം.
മരുന്നുകളോ കുത്തിവയ്പ്പോ ഉപയോഗിച്ച് മരണം വരുത്തുന്ന ദയാവധം ഇന്ത്യയിൽ നിയമവിരുദ്ധമാണെങ്കിലും, 2011-ൽ അരുണ ഷാൻബാഗ് കേസിലാണ് ആദ്യമായി സുപ്രീം കോടതിക്കു മുന്നിൽ ദയാവധം എത്തുന്നത്. മുംബൈയിലെ നഴ്സായിരുന്ന ഷാൻബാഗ് 1973-ൽ വാർഡ് ബോയിയുടെ ലൈംഗിക പീഡനത്തിരയായി 42 വർഷത്തോളം അബോധാവസ്ഥയിൽ തുടർന്നു. 2015-ൽ ന്യുമോണിയ ബാധിച്ചാണ് അവർ മരിക്കുന്നത്.
മൂന്ന് വർഷത്തിന് ശേഷം, സുപ്രീം കോടതി കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ദയാവധം നിയമവിധേയമാക്കി. അന്തസ്സോടെ മരിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിധിച്ചു.
ഹരീഷ് റാണെയുടെ കേസ 2024 ജൂലൈയിലാണ് ഡൽഹി ഹൈക്കോടതിക്കു മുമ്പാകെ വരുന്നത്. എന്നാൽ, ഹരീഷിന് 'ബാഹ്യസഹായമില്ലാതെ സ്വയം നിലനിൽക്കാൻ കഴിയു'മെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി മാതാപിതാക്കളുടെ അപേക്ഷ തള്ളി. ഹരീഷ് ശ്വാസമെടുക്കാൻ ട്രക്കിയോസ്റ്റമി ട്യൂബിനെയും പോഷകാഹാരത്തിനായി ഗാസ്ട്രോസ്റ്റമി ട്യൂബിനെയും ആശ്രയിച്ചിരുന്നു. മെക്കാനിക്കൽ വെന്റിലേറ്റർ മുഖേന ജീവൻ നിലനിർത്തുന്നില്ലെന്നത് അടിസ്ഥാനമാക്കിയായിരുന്നു വിധി.
മാതാപിതാക്കൾ പിന്നീട് 2024 നവംബറിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളി. ഹരീഷ് ലൈഫ് സപ്പോർട്ട് മെഷീനുകളിൽ പൂർണ്ണമായി ആശ്രയിക്കുന്നില്ലെന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. എങ്കിലും, ഹരീഷിന്റെ ചികിത്സയ്ക്കും താമസസൗകര്യത്തിനും വേണ്ട ക്രമീകരണങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഒരു വർഷത്തിന് ശേഷം ഹരീഷിന്റെ മാതാപിതാക്കൾ സുപ്രീം കോടതിയിൽ വീണ്ടുമെത്തി. മകന്റെ അവസ്ഥ വഷളായെന്നും യാതൊരു പ്രത്യാശയില്ലെന്നും കൃത്രിമമായി ജീവൻ നിലനിർത്തുന്നുവെന്നും അവർ വാദിച്ചു. 2023-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിദഗ്ദ്ധ അഭിപ്രായത്തിനായി പ്രാഥമിക, ദ്വിതീയ മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ ഉത്തരവിട്ടു.
ഹരീഷ് സുഖം പ്രാപിക്കാൻ വളരെ ചെറിയ സാധ്യതയുണ്ടെന്നും അദ്ദേഹം ദയനീയ അവസ്ഥയിലാണെന്നും പ്രാഥമിക മെഡിക്കൽ ബോർഡ് നിഗമനം നടത്തി. അതേസമയം, രണ്ടാമത്തെ റിപ്പോർട്ടിൽ നേരെതിരിച്ചായിരുന്നു വിശദീകരണം. 'ഇതൊരു വളരെ സങ്കടകരമായ റിപ്പോർട്ടാണ്. ഞങ്ങൾക്ക് ഈ കുട്ടിയെ ഈ അവസ്ഥയിൽ നിലനിർത്താനാവില്ല.' ജസ്റ്റിസ് ജെ ബി പാർദിവാല ഹിയറിംഗിനിടെ പറഞ്ഞു.
ജനുവരി 13-ന്, ജസ്റ്റിസുമാർ ഹരീഷിന്റെ മാതാപിതാക്കളെ കണ്ടു. ഹരീഷിന്റെ വിധി സംബന്ധിച്ച് ജനുവരി 15-ന് അന്തിമ ഉത്തരവും നിശ്ചയിച്ചു. അതാണ് ഇപ്പോൾ മാറ്റിവെച്ചത്.വിധി എന്തായാലും, ദയാവധത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് ഇതൊരു നിർണ്ണായക നിമിഷമായിരിക്കും.
Content Highlights: Harish Raney`s 13-year coma case reaches Supreme Court for final verdict on euthanasia. Will India see its first court-ordered end-of-life decision?
Published: 15 Jan 2026, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented