ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയുടെ 'സയന്റിഫിക്  സര്‍വേ' റിപ്പോര്‍ട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് വാരാണസി ജില്ലാ കോടതിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ ആ വിധത്തിലാണ് എഎസ്‌ഐ രേഖ കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയോ കേസിലെ കക്ഷികളുമായി പങ്കുവെക്കുകയോ ചെയ്യുമോയെന്ന കാര്യം വ്യക്തമല്ല. കേസ് വ്യാഴാഴ്ച  കോടതി വീണ്ടും പരിഗണിക്കും. 

To advertise here,

സുപ്രീം കോടതി സീല്‍ ചെയ്ത ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം ഒഴികെ കെട്ടിടസമുച്ചയത്തിന്റെ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരണാസി കോടതിയാണ് എഎസ്‌ഐയ്ക്ക് നിര്‍ദേശം നല്‍കിയത്. 17-ാം നൂറ്റാണ്ടില്‍ ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണോ പള്ളി നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം പരിശോധിക്കാനാണ് എഎസ്‌ഐയോട് കോടതി ആവശ്യപ്പെട്ടിരുന്നത്. 

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗമായ ക്ഷേത്രം മുഗള്‍ ഭരണാധികാരി ഔറംഗസേബ് തകര്‍ത്ത് അവിടെ മുസ്ലിം ആരാധനാലയം നിര്‍മിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. വാരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചതോടെയാണ്‌ സര്‍വേ നടപടികള്‍ ആരംഭിച്ചത്. ഇരുകക്ഷികള്‍ക്കും പരാതിയില്ലാത്ത വിധത്തില്‍ വിഷയം പരിഹരിക്കപ്പെടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ ഗ്യാന്‍വാപി മോസ്‌ക് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു.  എന്നാല്‍ ഹൈക്കോടതി ഉത്തരവ് തടയാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിസ്സമ്മതിക്കുകയും ചെയ്തു. 

354 കൊല്ലം പഴക്കമുള്ള നിര്‍മിതിയില്‍ എഎസ്‌ഐ നടത്തുന്ന ഉദ്ഖനനങ്ങള്‍ കെട്ടിടസമുച്ചയത്തിന് ഭീഷണിയാണെന്ന് മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റിലാണ് ആരാധനാലയത്തിന്റെ അസ്തിത്വം സംബന്ധിച്ചുള്ള തര്‍ക്കം ആരംഭിച്ചത്. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ ഭിത്തിയ്ക്ക് പിറകിലായി ആരാധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുമതവിശ്വാസികളായ ഒരു സംഘം സ്ത്രീകള്‍ രംഗത്തെത്തിയതോടെയായിരുന്നു അത്. കോടതിയില്‍ വാദം തുടരുന്ന പശ്ചാത്തലത്തില്‍ ഗ്യാന്‍വാപി പള്ളിയില്‍ ക്ഷേത്രാരാധന പുനരാരംഭിക്കുന്നതുസംബന്ധിച്ച് 1991 ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വിധി പറയുന്നത് കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതി മാറ്റിവെക്കുകയും ചെയ്തു.