ന്യൂഡല്‍ഹി: വാരാണസിയിലെ  ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സര്‍വേ നടത്തുന്നതിന് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. നീതിയുടെ താത്പര്യം കണക്കിലെടുക്കുമ്പോള്‍ ശാസ്ത്രീയ സര്‍വേ അനിവാര്യമാണെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകര്‍ വ്യക്തമാക്കി. സര്‍വേയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. 

To advertise here,

മസ്ജിദില്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ലാ കോടതിയാണ് ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ്  അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സര്‍വേ നടപടികളുടെ ഭാഗമായി മസ്ജിദില്‍ ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എടുക്കുന്ന കുഴികള്‍ മസ്ജിദിന് കേടുണ്ടാകും എന്നാണ് ഹര്‍ജിക്കാരുടെ വാദം. അതേസമയം മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തില്ലെന്ന്‌ ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സര്‍വേയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 

അതിനിടെ ഗ്യാന്‍വാപി മസ്ജിദ് മുദ്രവച്ച് പൂട്ടണം എന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം അലഹബാദ് ഹൈക്കോടതിയിലും, വാരണാസി ജില്ലാ കോടതിയിലും പുതിയ ഹര്‍ജി ഫയല്‍ ചെയ്തു. നേരത്തെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഹിന്ദു ആരാധനാമൂര്‍ത്തി അന്യമതസ്ഥര്‍ നശിപ്പിക്കുന്നത് തടയാനാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കിയാണ് പുതിയ ഹര്‍ജി.