
ന്യൂഡൽഹി: വരാണസി ഗ്യാൻ വാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവ്വേ നിർത്തിവെയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. ബുധനാഴ്ച്ച വൈകിട്ട് അഞ്ച് മണിവരെയാണ് സർവ്വേ നിർത്തിവെയ്ക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. സർവ്വേയ്ക്ക് ഉത്തരവിട്ട വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിയോട് അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. അപ്പീൽ നൽകുന്നതിനാണ് സർവ്വേ നടപടികൾ ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി നിർത്തി വെയ്പ്പിച്ചത്.
ഗ്യാൻവാപി പള്ളി പരിസരത്തു ശാസ്ത്രീയ പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് വെള്ളിയാഴ്ചയാണ് വരാണസി ജില്ലാ കോടതി നിർദേശിച്ചത്. തിങ്കളാഴ്ച മുതൽ സർവ്വേ നടത്താനാണ് ജില്ലാ കോടതി നിർദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ രാവിലെ മുതൽ മസ്ജിദിൽ സർവ്വേ നടപടികൾ ആരംഭിച്ചിരുന്നു.
സർവ്വേയുടെ ഭാഗമായി പള്ളിയുടെ പടിഞ്ഞാറു ഭാഗത്തുള്ള മതിൽ പൊളിച്ചതായി മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ആരോപിച്ചു. മസ്ജിദിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതി വിധിക്ക് എതിരായ കാര്യങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകർ ആരോപിച്ചു. തുടർന്ന് മസ്‌ജിദിൽ ഖനനം നടക്കുന്നുണ്ടോ എന്നറിയിക്കാൻ സോളിസിസ്റ്റർ ജനറലിനോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു. മസ്ജിദിലെ ഒരു കല്ല് പോലും ഒരു ആഴ്ചത്തേക്ക് നീക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ നടക്കുന്നത് അളവെടുക്കൽ, ചിത്രമെടുക്കൽ, റഡാർ ഇമേജിങ് എന്നിവ മാത്രമാണെന്നും സോളിസിസ്റ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ മസ്ജിദ് കമ്മിറ്റിക്ക് അവകാശം ഉണ്ടെന്നും, അതിനുള്ള സാവകാശം അവർക്ക് ലഭിച്ചില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മസ്ജിദ് കമ്മിറ്റി ഫയൽ ചെയ്യുന്ന അപ്പീൽ ഉടൻ പരിഗണിക്കാനും അലഹബാദ് ഹൈകോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.
Content Highlights: gyanvapi masjid, varanasi, supreme court order to hault scientific survey
Published: 24 Jul 2023, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented