ഗുരുഗ്രാം (ഹരിയാണ): ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നുവീണ് ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാമിലെ സിദ്ധ്രാവലിയിലെ സിഗ്നേചർ ഗ്ലോബൽ സൊസൈറ്റിയിലാണ് സംഭവം.

To advertise here,

തിങ്കളാഴ്ച വൈകിട്ടോടെയാണ് വൻ ശബ്ദത്തോടെ മതിൽ തകർന്നുവീണത്. 15-ഓളം തൊഴിലാളികൾ തകർന്നുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി.  വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

യന്ത്രസഹായത്തോടെയാണ് തകർന്നുവീണ മതിൽ അവശിഷ്ടങ്ങൾ മാറ്റിയത്. ഏകദേശം ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തൊഴിലാളികളെ പുറത്തെടുത്ത് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴുപേർ മരിച്ചിരുന്നു. പരിക്കേറ്റ മറ്റ് നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിർമാണ സ്ഥലത്തെ മണ്ണിടിഞ്ഞതാണ് മതിൽ തകർന്നുവീഴാൻ ഇടയാക്കിയതെന്ന് അപകടത്തിൽപ്പെട്ട ഒരു തൊഴിലാളിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നിർമാണ കമ്പനിക്കെതിരേ കടുത്ത പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയ തങ്ങളെ കാണാൻ കമ്പനി അധികൃതർ തയ്യാറായില്ലെന്നും ഉത്തരവാദിത്വങ്ങളിൽനിന്ന് അവർ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു. നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട അവർ, തങ്ങളുടെ പരാതികൾ കേൾക്കാൻപോലും ഇതുവരെ ആരും തയ്യാറായിട്ടില്ലെന്നും ആരോപിച്ചു.

തൊഴിലാളികളുടെ മൃതദേഹങ്ങൾ സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.