ന്യൂഡല്‍ഹി: ഗുരുഗ്രാം നഗരത്തില്‍ ഗതാഗതക്കുരുക്കിനും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും വഴിയൊരുക്കി കനത്തമഴ. മില്ലേനിയം നഗരമായ ഗുരുഗ്രാം പൂര്‍ണമായും വെളളത്തില്‍ മുങ്ങി. 

പ്രധാനറോഡുകളും അടിപ്പാതകളിലും പാര്‍പ്പിട മേഖലയിലും  വെളളക്കെട്ടുണ്ടായി. റോഡുകള്‍ പുഴകളായതോടെ ഗതാഗതം തടസ്സപ്പെട്ടു. വെളളത്തില്‍ മുങ്ങിയ റോഡുകളേയും വാഹനങ്ങളുടേയും ചിത്രങ്ങളും അടിപ്പാതകളിലൂടെ അതിശക്തമായി കുതിച്ചൊഴുകുന്നതിന്റെ വീഡിയോകളും നഗരവാസികള്‍ പങ്കുവെച്ചു.

ഗുരുഗ്രാം വാട്ടര്‍പാര്‍ക്കിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പങ്കുവെച്ചിട്ടുളളത്. ഗോള്‍ഫ് കോഴ്‌സ് റോഡിലെ അടിപ്പാതയില്‍ വെളളം നിറഞ്ഞു. സോഹ്ന ചൗക്ക്, സിക്കന്ദര്‍പുര്‍, ഹിമഗിരി ചൗക്ക്, ബിലാസ്പുര്‍ ചൗക്ക്, ഡല്‍ഹിയിലേക്കും ജയ്പുരിലേക്കുമുളള റോഡുകളിലും വെളളക്കെട്ടുണ്ടായി. 

ബദര്‍പുര്‍ അടിപ്പാത, സരിതവിഹാര്‍ അടിപ്പാത, മോത്തിബാഗ് അടിപ്പാത, എം.ബി. റോഡ് (ബത്ര ആശുപത്രി), പാലം മേല്‍പ്പാത, ഛാട്ട റെയില്‍, മയൂര്‍വിഹാര്‍ ഫേസ്-രണ്ട്, സരായി കാലേ ഖാന്‍-ഡി.എന്‍.ഡി., സാഷി ഗാര്‍ഡന്‍-കോട്ട്ല, സീമാപുരി-ദില്‍ഷാദ് ഗാര്‍ഡന്‍ അടിപ്പാത, എം.ബി. റോഡ് (മൈതാന്‍ ഗഢി), എം.ബി. റോഡ് (അനുവ്രത് മാര്‍ഗ്), അപ്സര ബോര്‍ഡര്‍ എന്നീ സ്ഥലങ്ങളില്‍ വെള്ളം കയറി.

ഐ.ടി.ഒ., പുരാണ കില, വിനോദ് നഗര്‍, സൂരജ്മല്‍ മാര്‍ഗ്, സരായി കാലേ ഖാന്‍, ധൗളഖാന്‍, ഭൈരോണ്‍ റോഡ്, സുല്‍ത്താന്‍പുര്‍ മെട്രോ സ്റ്റേഷന്‍, മുനീര്‍ക്ക മെട്രോ സ്റ്റേഷന്‍, സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷന്‍, മഥുര റോഡ്, റാണി ഝാന്‍സി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഏതാനും സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സാകേതില്‍ സ്‌കൂളിന്റെ ഭിത്തി ഇടിഞ്ഞുവീണ് ഒട്ടേറെ വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ഭൈരോണ്‍ മാര്‍ഗിലേക്കുള്ള റിങ് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി.

അയനഗര്‍ നിരീക്ഷണകേന്ദ്രത്തില്‍ 63.1 മില്ലീമീറ്ററും സഫ്ദര്‍ജങ്ങില്‍ 29.8 മില്ലീമീറ്ററും പാലത്ത് 45 മില്ലീമീറ്ററും ലോധി റോഡില്‍ 25.8 മില്ലീമീറ്ററും റിഡ്ജില്‍ 42.5 മില്ലീമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ വ്യാഴാഴ്ചവരെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights:Gurgaon resembling an ocean after heavy rain