അഹമ്മദാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്ത് പോലീസ് രണ്ട് നഗരങ്ങളില്‍ മാത്രം നടത്തിയ റെയ്ഡില്‍ പൂടികൂടിയത് ആയിരത്തിലധികം ബംഗ്ലാദേശ് പൗരന്മാരെ. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1024 ബംഗ്ലാദേശികളെയാണ് പിടികൂടിയത്.

To advertise here,

പിടിയിലായവരില്‍ രണ്ട് ബംഗ്ലാദേശികള്‍ക്ക് അല്‍-ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്ലില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കപ്പെടുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്തില്‍ താമസിക്കുന്ന എല്ലാ ബംഗ്ലാദേശികള്‍ക്കും പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും നാടുകടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഓപ്പറേഷനിലൂടെയാണ് ഇത്രയും അനധികൃത വിദേശികളെ പിടികൂടാനായത്. ബംഗ്ലാദേശ് വംശജരായ 890 പേരെ അഹമ്മദാബാദില്‍നിന്നും 134 പേരെ സൂറത്തില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് പോലീസിന്റെ നടപടി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്.

അഹമ്മദാബാദ് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പോലീസ് മേധാവി വികാസ് സഹായ് ഓപ്പറേഷനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പങ്കുവെച്ചു.

വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ ശൃംഖലകളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, അറസ്റ്റിലായ ബംഗ്ലാദേശികളെ നാടുകടത്തുമെന്നും ഡിജിപി പറഞ്ഞു.

അനധികൃതമായി താമസിക്കുന്ന എല്ലാ ബംഗ്ലാദേശികളോടും രണ്ടു ദിവസത്തിനകം പോലീസ് സ്റ്റേഷനുകളില്‍ സ്വമേധയാ കീഴടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.