
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ പുതിയ നികുതി പരിഷ്കരണം ചർച്ചയാകും. ദൈനംദിന അവശ്യസാധനങ്ങളുടെയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കുകയും ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കരണം. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കൗൺസിൽ യോഗം.
നിലവിലുള്ള നാല് നികുതി ഘടനയെ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാൻ ലക്ഷ്യമിടുന്നതാണ് 'പുതുതലമുറ' ജിഎസ്ടി പരിഷ്കരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. 2017 ജൂലൈയിൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ അവതരിപ്പിച്ച 12%, 28% സ്ലാബുകൾ ഇതോടെ ഇല്ലാതാകും. പുതിയ പരിഷ്കരണത്തിലൂടെ 12% സ്ലാബിലുള്ള മിക്കവാറും എല്ലാ സാധനങ്ങളും 28% നികുതിയുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങളും താഴ്ന്ന നിരക്കുകളിലേക്ക് മാറും. ഇതോടെ നിരവധി ഉൽപ്പന്നങ്ങളുടെ വില കുറയുമെന്നാണ് വിലയിരുത്തൽ.
പരിഷ്കരണം നടപ്പിലായാൽ നെയ്യ്, നട്സ്, കുടിവെള്ളം (20 ലിറ്റർ ക്യാനുകൾ), ഗ്യാസ് ഇല്ലാത്ത പാനീയങ്ങൾ, പലഹാരങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിലവിൽ 12% നികുതിയുള്ള 99 ശതമാനത്തിലധികം സാധനങ്ങളും 5% വിഭാഗത്തിലേക്ക് മാറും. പെൻസിലുകൾ, സൈക്കിളുകൾ, കുടകൾ, ഹെയർപിന്നുകൾ തുടങ്ങിയ സാധാരണ ഗാർഹിക ഉൽപ്പന്നങ്ങളുടെ നികുതിയും 5% ആയി കുറഞ്ഞേക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 28% നികുതിയുള്ള ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ 18% സ്ലാബിന് കീഴിൽ വരും.
അതേസമയം. ഒട്ടുമിക്ക സാധനങ്ങൾക്കും നികുതി കുറയ്ക്കാൻ ഒരുങ്ങുമ്പോൾ, ആഡംബര വസ്തുക്കൾക്ക് 40% എന്ന പ്രത്യേക സ്ലാബ് ഏർപ്പെടുത്താനാണ് ഉദ്ദേശ്യം. നിലവിൽ 28% ജിഎസ്ടിയും കോമ്പൻസേഷൻ സെസ്സും ഈടാക്കുന്ന ഉയർന്ന വിലയുള്ള കാറുകൾ, എസ്യുവികൾ, മറ്റ് പ്രീമിയം വാഹനങ്ങൾ എന്നിവ ഈ പുതിയ വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല, സിഗരറ്റ് എന്നിവയും ഈ സ്ലാബിന് കീഴിൽ വന്നേക്കും. ഈ വിഭാഗത്തിനായി ഒരു അധിക ലെവി കൂടി പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 5% ജിഎസ്ടി വേണമെന്നാണ് മറ്റൊരു നിർദേശം. അതേസമയം, പ്രീമിയം ഇവികൾക്ക് ഉയർന്ന നികുതി ചുമത്തണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും തുടരുന്നുണ്ട്.
പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ, ഈ വലിയ നികുതിയിളവുകൾ വരുമാനത്തിലുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ നീക്കം സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാക്കുമെന്നും വ്യക്തമായ നഷ്ടപരിഹാര സംവിധാനം വേണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നു.
Content Highlights: GST Council to discuss simplifying tax slabs to 5% and 18%, impacting prices of essentialS
Published: 03 Sept 2025, 10:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented