ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ പാർപ്പിട സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരെ യുവതി ക്രൂരമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ബിസ്രാഖ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 'സെഞ്ചൂറിയൻ പാർക്ക് ടെറസ് ഹോംസ്' സൊസൈറ്റിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ച ഡെലിവറി ബോയിയെ സൊസൈറ്റിയുടെ പ്രധാന ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

To advertise here,

ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഗേറ്റിലെത്തിയ യുവതി ജീവനക്കാരുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവതി സെക്യൂരിറ്റി ജീവനക്കാരെ ചീത്തവിളിക്കുന്നതും പോലീസിനെ വിളിക്കാൻ വെല്ലുവിളിക്കുന്നതും കാണാം. തർക്കത്തിനിടെ കസേരയിലിരിക്കുകയായിരുന്ന ഒരു ജീവനക്കാരനെ യുവതി ചവിട്ടാൻ ഓങ്ങുന്നതും കാണാം. ഇതിന് പുറമെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്റെ കയ്യിൽ അടിക്കുകയും ചെയ്യുന്നു.

'നീയെന്റെ മുന്നിൽ ഒന്നുമല്ല, നിന്നെക്കൊണ്ട് ഞാൻ എന്റെ ഷൂസ് തുടപ്പിക്കും' എന്ന് യുവതി ഒരു ജീവനക്കാരനോട് ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ജീവനക്കാരുടെ സാമ്പത്തിക നിലയെ പരിഹസിച്ചും കായികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയും യുവതി സംസാരിക്കുന്നുണ്ട്. ഡെലിവറി ബോയിയെ ഗേറ്റിൽ തടയാനുണ്ടായ കാരണത്തെക്കുറിച്ചും തർക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.