ചെന്നൈ: കോര്‍പറേഷനിലെ ഏക വനിതാ ഡഫേദാര്‍ എസ്.ബി. മാധവിയുടെ സ്ഥലംമാറ്റത്തില്‍ വിശദീകരണവുമായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ (ജി.സി.സി.). വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നല്ല, പകരം ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കാരണത്താലാണ് മാധവിയെ സ്ഥലംമാറ്റിയതെന്ന് ജി.സി.സി. വ്യക്തമാക്കി.

To advertise here,

ചെന്നൈ കോര്‍പറേഷന്‍ മേയര്‍ ആര്‍ പ്രിയയുടെ എസ്‌കോര്‍ട്ട് ചുമതലയായിരുന്നു മാധവിക്കുണ്ടായിരുന്നത്. കടുത്തനിറത്തിലുള്ള ലിപ്സ്റ്റിക് ധരിച്ചതിനാലാണ് തന്നെ സ്ഥലംമാറ്റിയെന്നായിരുന്നു അവരുടെ ആരോപണം. ഇതിനാണ് ഇപ്പോള്‍ കോര്‍പറേഷന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. മണാലി സോണിലേക്കായിരുന്നു മാധവിയെ സ്ഥലം മാറ്റിയിരുന്നത്.

മേയറുടെ ഓഫീസിലെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതിനെ കുറിച്ച് മാത്രമാണ് മാധവിയോട് മെമ്മോയില്‍ ആരാഞ്ഞിരുന്നത് എന്നും ജി.സി.സി. പറയുന്നു. ഓഫീസിലേക്ക് വൈകി വരുന്നതും ഓഫീസ് ചുമതലകള്‍ നിര്‍വഹിക്കാതിരുന്നതിനെ കുറിച്ചുമായിരുന്നു ചോദിച്ചിരുന്നത്. മാധവിയുടെ വ്യക്തിതാല്‍പര്യങ്ങളെ കുറിച്ച് ചോദിക്കുകയോ അക്കാര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ ആരായുകയോ ചെയ്തിട്ടില്ല, ജി.സി.സി. വ്യക്തമാക്കുന്നു.

ഓഗസ്റ്റ് ആറാം തീയതിയാണ് മാധവിക്ക് മെമ്മോ ലഭിക്കുന്നത്. അതിന് നല്‍കിയ മറുപടിയില്‍, ലിപ്റ്റിക് ധരിക്കരുതെന്നും ആരോടും സംസാരിക്കരുതെന്നും തന്നോട് നിര്‍ദേശിച്ചിരുന്നെന്ന് മാധവി ആരോപിച്ചിരുന്നു. അത് മനുഷ്യാവകാശത്തിന്റെ ലംഘനമാണെന്നും മാധവി പറഞ്ഞിരുന്നു.