ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമീപനം ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

To advertise here,

കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും പുതിയ നടപടികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുമെന്നും തോമര്‍ പറഞ്ഞു. 

 ' ഏതെങ്കിലും കര്‍ഷകന്‌ ബില്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തണമെങ്കില്‍, അത് അര്‍ദ്ധരാത്രിയിലാണെങ്കില്‍ പോലും ഞങ്ങള്‍ തയ്യാറാണ്.'- മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പാര്‍ലമെന്റിലെ സംവാദത്തിനിടെ പ്രതിപക്ഷ അംഗങ്ങളുടെ വിമര്‍ശനം നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ചായിരുന്നില്ലെന്നും മറിച്ച് അവര്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോ മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചോ ആണ് പറഞ്ഞതെത്തും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ 50 വര്‍ഷത്തെ ഭരണത്തിനിടയില്‍ താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ബില്ലിനെ എതിര്‍ക്കുന്നുവെങ്കില്‍ രാഹുല്‍ ഗാന്ധി ആദ്യം 2019ലെ കോണ്‍ഗ്രസ് പ്രകടനപത്രിക പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രകടനപത്രിക അംഗീകരിക്കുന്നുവെങ്കില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കര്‍ഷകരെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിധരിപ്പിക്കുന്നുവെന്നും അവര്‍ക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. 

Content Highlights: Govt ready to talk to farmers even at midnight: Agriculture minister on bills