പനജി: സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്കൾക്കിടയിൽ ഓസ്‌ട്രേലിയയെ മാതൃകയാക്കാനുള്ള നീക്കവുമായി ഗോവ. ഓസ്‌ട്രേലിയയിലേതിന് സമാനമായി കൗമാർക്കാർക്ക് സാമൂഹിക മാധ്യമ നിരോധനം ഏർപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്.

To advertise here,

'ഓസ്ട്രേലിയയുടെ നിയമങ്ങൾ ഞങ്ങൾ പഠിച്ചുവരികയാണ്. ഇതിലൂടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് പ്രായപൂർത്തിയാകാത്തവരുടെ പ്രവേശനം എങ്ങനെ നിയന്ത്രിക്കാമെന്നാണ്‌ പരിശോധിക്കുന്നത്.' ഗോവ ഇൻഫോടെക് മന്ത്രി രോഹൻ ഖൗന്റെ പറഞ്ഞു.

'സാധ്യമെങ്കിൽ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് സമാനമായ നിരോധനം  ഞങ്ങൾ നടപ്പിലാക്കും.' മന്ത്രി കൂട്ടിച്ചേർത്തു. സമാനമായ നടപടികൾ പരിഗണിക്കുമെന്ന് നേരത്തെ ആന്ധ്രപ്രദേശ് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്ര സർക്കാർ ദേശീയതലത്തിൽ ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ല.

ആഗോളതലത്തിലുള്ള നിയന്ത്രണങ്ങൾ പഠിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാൻ ആന്ധപ്രദേശിൽ മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഓസ്ട്രിലേയയിൽ നിയന്ത്രണം നടപ്പാക്കിയത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരുന്നു.

ആദ്യ മാസത്തിൽ 4.7 ദശലക്ഷം കൗമാരക്കാരുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ നിയന്ത്രണങ്ങൾ മറ്റു രാജ്യങ്ങളും നിരീക്ഷിച്ച് വരികയാണ്. ഫ്രാൻസ്, ഇൻഡോനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമങ്ങൾ സ്വീകരിക്കുന്നതിനുള്ള നീക്കങ്ങളിലാണ്.