ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവാദങ്ങളും കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോരും രൂക്ഷമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ വിമര്‍ശനവുമായി ആം ആദ്മി പാർട്ടിയും കോൺഗ്രസും.

To advertise here,

ജി20 ഉച്ചകോടി വേദിയായ ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിനു മുന്നില്‍ വെള്ളം കെട്ടിനിന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജും കോൺഗ്രസും സര്‍ക്കാരിനെ വിമര്‍ശിച്ചത്. പിന്നാലെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വേദിയില്‍ വെള്ളക്കെട്ടില്ലെന്നും വ്യക്തമാക്കി കേന്ദ്ര വാര്‍ത്താവിതരണ വകുപ്പും പൊതുമരാമത്ത് വകുപ്പും രംഗത്തെത്തി. 

ഇത് വളരെ ഗൗരവതരമാണ്. അമ്പതിലധികം പരിശോധനകള്‍ക്ക് ശേഷവും പ്രധാനവേദി വെള്ളത്തിനടിയിലായെങ്കില്‍ ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകതന്നെ വേണം,  സൗരഭ് ഭരദ്വാജ് എക്‌സില്‍ കുറിച്ചു. 2,700 കോടി മുടക്കിയാണ് ജി20 ഉച്ചകോടിക്ക് വേദി നിര്‍മിച്ചതെന്നും ഒറ്റ മഴയില്‍ വേദി വെള്ളത്തിലായെന്നും ബി.ജെ.പിയുടെ വികസനവാദങ്ങളെല്ലാം പൊള്ളയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. വേദിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്റെയും സൗരഭിന്റെയും വിമര്‍ശനം.

തൊട്ടു പിന്നാലെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വേദിയില്‍ ഇത്തരത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും വ്യക്തമാക്കി കേന്ദ്ര പൊതുമരാമത്ത് വകുപ്പും കേന്ദ്ര വാര്‍ത്താവിതരണ വകുപ്പും രംഗത്തെത്തി. രാത്രി മുഴവന്‍ കനത്ത മഴയായിരുന്നതിനാല്‍ ചെറിയ രീതിയില്‍ വെള്ളം കെട്ടി നിന്നിരുന്നുവെങ്കിലും രാത്രിതന്നെ പ്രശ്‌നം പരിഹരിച്ചതായി ഇരു വകുപ്പുകളും അറിയിച്ചു.