ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധകലാപത്തിനിടെ സരസ്വതി വിഹാറില്‍ രണ്ട് പേരെ കൊല്ലപ്പെട്ട സംഭവത്തിൽ മുന്‍ കോണ്‍ഗ്രസ് എം.പി യായ സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധിപുറപ്പെടുവിച്ചത്.  പ്രത്യേക ജഡ്ജിയായ ഫെബ്രുവരി 18 ന് ശിക്ഷ വിധിക്കും. വിധി പ്രസ്താവിക്കുന്നതിന്റെ ഭാഗമായി തീഹാര്‍ ജയിലിലായിരുന്ന സജ്ജന്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കി. 

To advertise here,

സിഖ് വിരുദ്ധ കലാപത്തിനിടെ ഡല്‍ഹിയിലെ സരസ്വതി വിഹാറില്‍ വെച്ച് 1984 നവംബര്‍ ഒന്നിന് അച്ഛനേയും മകനേയും കൊലപ്പെടുത്തിയ കേസിലാണ് വിധി. ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

തുടക്കത്തില്‍ പഞ്ചാബി ഭാഗ് പോലീസ് സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. 2021 ഡിസംബര്‍  16-നാണ് സജ്ജന്‍ കുമാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സായുധരായ ഒരു കൂട്ടം ആളുകള്‍ സിഖുകാരുടെ സ്വത്തുവകകള്‍ വന്‍ തോതില്‍ കൊള്ള നടത്തിയെന്നും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. അതിനിടെയാണ് ജസ്വന്ത് സിങും മകനും കൊല്ലപ്പെട്ടത്. അക്രമികള്‍ ഇവരുടെ വീട് കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ജസ്വന്ത് സിങിന്റെ ഭാര്യയാണ് പരാതിക്കാരി. 

ഈ കലാപത്തില്‍ സജ്ജന്‍ കുമാര്‍ ഈ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാവുക മാത്രമല്ല അവര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവെന്നും കോടതി പറഞ്ഞു.