ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ജമ്മുവിലും ഹിമാചലിലെ മണാലിയിലും കനത്ത നാശനഷ്ടം. മണാലിയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് കടകളും വീടുകളും ഒലിച്ചുപോയി, കെട്ടിടങ്ങള്‍ തകര്‍ന്നു, ദേശീയപാതകള്‍ ഒറ്റപ്പെട്ടു, നിരവധി താമസസ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി.

To advertise here,

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും കനത്ത നാശംവിതയ്ക്കുകയും ചെയ്തു. രണ്ട് പേര്‍ വീടുതകര്‍ന്നും രണ്ടുപേര്‍ പ്രളയത്തിലും മരിച്ചതായാണ് വിവരം.
ഇവിടെ മേഘവിസ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നദീതീരങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ആളുകളോട് ആവശ്യപ്പെട്ടു.

മണാലിയില്‍ ബിയാസ് നദി കരകവിഞ്ഞൊഴുകിയതോടെ ഒരു ബഹുനില ഹോട്ടലും കടകളും ഒലിച്ചുപോയി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു.
വെള്ളംനിറഞ്ഞ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ, നിറയെ ഭാരം കയറ്റിയ ഒരു ട്രക്ക് കുത്തൊഴുക്കില്‍ ഒലിച്ചുപോകുകയും ചെയ്തു. 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലേ-മണാലി ഹൈവേ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കുളുവിനും മണാലിക്കും ഇടയിലുള്ള ഹൈവേയുടെ പല ഭാഗങ്ങളും ഒലിച്ചുപോയിട്ടുണ്ട്.

ജമ്മുവില്‍ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇങ്ങോട്ടേക്കുള്ള യാത്ര നിര്‍ത്തിവെച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധിപേര്‍ അപകടത്തില്‍പ്പെട്ടതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.