ലഖ്‌നൗ: ആഗ്രയിലെ ബറോളി ആഹിര്‍ ബ്ലോക്കില്‍ അഞ്ച് വയസുകാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാഗ്‌ല വിധിചന്ദ് ഗ്രാമത്തില്‍ താമസിക്കുന്ന ഷീലാ ദേവിയുടെ മകളാണ് മരിച്ചത്. ഒരു മാസമായി ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ഷീലയുടെ കുടുംബത്തിന് കഴിഞ്ഞ ഒരാഴ്ചയായി കഴിക്കാന്‍ ഭക്ഷണം പോലും ഉണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

To advertise here,

വെള്ളിയാഴ്ചയാണ് അഞ്ച് വയസുകാരി മരിച്ചത്. തനിക്ക് ഒരു ജോലി കണ്ടെത്താന്‍ കഴിയാഞ്ഞതിനാലാണ് മകള്‍ക്ക് ഈ ഗതി വന്നതെന്ന് ഷീലാ ദേവി പറഞ്ഞു. 'അവള്‍ക്ക് ഭക്ഷണം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് അവളുടെ ആരോഗ്യം മോശമായി. അതിനിടെ, പനികൂടി വന്നതോടെ അവള്‍ മരിച്ചു' - അവര്‍ കൂട്ടിച്ചേര്‍ത്തു. അധികൃതരൊന്നും അവരെ തിരിഞ്ഞുനോക്കിയില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. പ്രാദേശിക ഭരണകൂടം സഹായം വാഗ്ദാനംചെയ്ത് എത്തിയത് ശനിയാഴ്ച ആണെന്നും അയല്‍വാസികള്‍ പറയുന്നു. 

സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും വ്യക്തമായി. 'ബന്ധുക്കള്‍ മൃതദേഹം സസ്‌കരിച്ചു. അത് ചെയ്യാന്‍ പാടില്ലാത്തതാണ്. മൃതദേഹ പരിശോധനയില്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ' - ജില്ലാ മജിസ്‌ട്രേട്ട് പ്രഭു എന്‍ സിങ് പറഞ്ഞു. 

2016 ല്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഷീലയുടെ മകനും പട്ടിണികിടന്ന് മരിച്ചുവെന്നാണ് പറയപ്പെടുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു. ഷീലയുടെ ഭര്‍ത്താവ് രോഗം ബാധിച്ച് കിടപ്പിലാണ്. ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് അവര്‍. കുടുംബത്തിന് റേഷന്‍ കാര്‍ഡോ പാചകവാതക കണക്ഷനോ ഇല്ലെന്ന് യു.പി കോണ്‍ഗ്രസ് സെക്രട്ടറി അമിത് സിങ് പറഞ്ഞു. ദിവസക്കൂലിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 1000 രൂപപോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Five year old died of hunger: NHRC takes suo motu case