വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാനവെല്ലുവിളി വിശപ്പിനെ എങ്ങനെ നിയന്ത്രിക്കാമെന്നതാണ്. എന്നാൽ പലപ്പോഴും ശരീരത്തിന് ഭക്ഷണം ആവശ്യമുള്ളതുകൊണ്ടാവില്ല മറിച്ച് ശീലങ്ങളുടെ ഭാഗമായാവാം വിശപ്പ് അനുഭവപ്പെടുന്നതെന്ന് പറയുകയാണ് യു.കെ.യിൽ നിന്നുള്ള വെയ്റ്റ് ലോസ് ക്ലിനിക്കിന്റെ മേധാവിയും പ്രൊഫസറുമായ ഫ്രാങ്ക്ലിൻ ജോസഫ്.
ഭക്ഷണം കഴിച്ച് കഴിഞ്ഞയുടൻപോലും വിശക്കുന്നുവെന്ന് തന്നോട് നിരവധിപേർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഫ്രാങ്ക്ലിൻ പറയുന്നു. യഥാർഥത്തിൽ അവർക്ക് ശരിയായ വിശപ്പ് ഉണ്ടാകണമെന്നില്ല. പക്ഷേ ശീലത്തിന്റെ ഭാഗമായി മുമ്പ് ഇടയ്ക്കിടെ ഭക്ഷണം കഴിച്ചതുകൊണ്ടാവാം വീണ്ടും കഴിക്കണമെന്ന തോന്നലുണ്ടാകുന്നത്. ശരിക്കും ശരീരത്തിന് ഭക്ഷണം ആവശ്യമില്ലെങ്കിൽപ്പോലും കഴിക്കണമെന്ന തോന്നലുണ്ടാക്കുന്ന മൂന്ന് ഘടകങ്ങളേക്കുറിച്ചും ഫ്രാങ്ക്ലിൻ പറയുന്നുണ്ട്.
അതിൽ ആദ്യത്തേത് നിർജലീകരണമാണ്. ചെറിയരീതിയിലുള്ള നിർജലീകരണം പോലും അമിതക്ഷീണം തോന്നിപ്പിക്കുകയും ഭക്ഷണം കഴിക്കാനുള്ള ത്വരയുണ്ടാക്കുകയും ചെയ്യും. ദാഹമാണെങ്കിൽപ്പോലും പലപ്പോഴും വിശപ്പായാണ് അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച് അധികം വൈകുംമുമ്പ് വീണ്ടും വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർജലീകരമമാണോ എന്ന് പരിശോധിക്കാം. ഒരു ഗ്ലാസ് വെള്ളത്തോടെ ഒരുദിവസം ആരംഭിക്കുകയും നിർജലീകരണ സാധ്യത തടയുകയും ചെയ്യുന്നതിലൂടെ വിശപ്പിന്റെ സാധ്യത കുറയ്ക്കാം.
മറ്റൊന്ന് ഉറക്കമാണെന്ന് ഫ്രാങ്ക്ലിൻ പറയുന്നു. സുഖകരമായ ഉറക്കം ലഭിക്കാത്തത് വിശപ്പിനെയും വയറുനിറഞ്ഞതായി തോന്നിക്കുന്നതിന്റെയും ഹോർമോണുകളെ ബാധിക്കും. ഉറക്കക്കുറവ് ഗ്രെലിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കൂട്ടുകയും അത് വിശപ്പിനും വയറുനിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്ന ലെപ്റ്റിൻ എന്ന ഹോർമോൺ കുറയാനും കാരണമാകും. അതിനാൽ തന്നെ വയറു നിറച്ച് കഴിച്ചാലും മതിയായില്ലെന്ന തോന്നലുണ്ടാകും.
കലോറി കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനേക്കുറിച്ചും ഫ്രാങ്ക്ലിൻ പറയുന്നുണ്ട്. പ്രോട്ടീൻ, ഫൈബർ എന്നിവ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ഊർജം നിലനിർത്താതിരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാതിരിക്കുകയും ചെയ്യും. ഉച്ചഭക്ഷണത്തിൽ പ്രോട്ടീൻ ഒന്നുമില്ലാതെ വെറും സാലഡ് മാത്രമാണ് കഴിക്കുന്നതെങ്കിൽ ഒരുമണിക്കൂറിനുള്ളിൽ വീണ്ടും വിശക്കാനിടയുണ്ട്. ഇതിനു പകരം ചിക്കൻ, മീൻ തുടങ്ങി പ്രോട്ടീന് ധാരാളമുള്ള ഭക്ഷണങ്ങളും നാരുകളടങ്ങിയ പച്ചക്കറിയുമൊക്കെ ഗുണംചെയ്യുമെന്ന് ഫ്രാങ്ക്ലിൻ പറയുന്നു.
യഥാർഥ വിശപ്പും അല്ലാത്തതും തമ്മിൽ തിരിച്ചറിയാനുള്ള വഴിയും ഫ്രാങ്ക്ലിൻ പറയുന്നുണ്ട്. യഥാർഥ വിശപ്പിനൊപ്പം വയറിൽ മൂളലും ഊർജം നന്നേ കുറവും അനുഭവപ്പെടും. എന്നാൽ വിശപ്പ് പെട്ടെന്ന് അനുഭവപ്പെടുകയും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതോടെ അത് മാറുകയും ചെയ്താൽ യഥാർഥ വിശപ്പല്ല എന്ന് മനസ്സിലാക്കാം.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: Is your hunger real or just a habit? Learn 3 simple ways to control appetite
Published: 03 Jun 2025, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented