ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് പങ്കുവെച്ച ചിത്രത്തിനെ തള്ളി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും ബിഎസ്പി നേതാവ് മായവതിയും. പ്രധാനമന്ത്രി എവിടേക്കും മറഞ്ഞുപോയിട്ടില്ലെന്നും അദ്ദേഹം ഡല്‍ഹിയിലുണ്ടെന്ന് തനിക്ക് അറിയാമെന്നും ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മോദി പങ്കെടുക്കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ ഇറക്കിയത്.
മോദിയുടെ ശരീരത്തില്‍ തലയുടെ ഭാഗത്ത് 'ഉത്തരവാദിത്വ സമയത്ത് അദൃശ്യന്‍' എന്നെഴുതിച്ചേര്‍ത്ത ചിത്രമായിരുന്നു കോണ്‍ഗ്രസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും അവര്‍ ചിത്രം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ കോണ്‍ഗ്രസിനെ തള്ളി ഇന്ത്യാ സഖ്യത്തിലെ മുതര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയത്.
'പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരവാദികള്‍ക്കും അവരെ പിന്താങ്ങുന്നവര്‍ക്കും എതിരായുള്ള പോരാട്ടത്തില്‍ നമ്മള്‍ പ്രധാനമന്ത്രിക്ക് പൂര്‍ണപിന്തുണയും അറിയിച്ചതാണ്. പിന്നീട് അതിനെ നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു പ്രധാനമന്ത്രി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണോ അതൊക്കെ മോദി ചെയ്‌തേ പറ്റൂ,' മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.
പാകിസ്താന്റെ ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'നമ്മുടെ കൈയിലും ആണവ ശക്തി ഉണ്ട്. പാകിസ്താൻ സ്വന്തമാക്കുന്നതിനും മുമ്പേ നമ്മള്‍ അത് സ്വന്തമാക്കിയതാണ്. ഇന്ത്യ ഇതുവരെയും ആരെയും ആദ്യം അങ്ങോട്ടുകയറി ആക്രമിച്ചിട്ടില്ല. ഇതെല്ലാം ആരംഭിച്ചത് പാകിസ്താനില്‍ നിന്നാണ്, അതിന് പ്രതികരിക്കുക മാത്രമാണ് നമ്മള്‍ ചെയ്തിട്ടുള്ളത്. ആണവായുധം പ്രയോഗിക്കുന്നതിലും നമ്മുടെ നയം അങ്ങനെതന്നെയാവും. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ ദൈവം സഹായിക്കട്ടെ,' അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും അതിനിടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ട് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിയും ബുധനാഴ്ച രംഗത്തെത്തി.
'പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികളേയും രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പിന്തുണയ്‌ക്കേണ്ട സമയമാണിത്. ഇതുപോലൊരു സംഭവത്തെ മറയാക്കി അനാവശ്യ പ്രസ്താവനകളും പോസ്റ്ററുകളും ഇറക്കി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. കാരണം, അത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അത് രാജ്യത്തിന് ഒരുതരത്തിലും നല്ലതല്ല', മായാവതി പറഞ്ഞു.
Content Highlights: farooq abdulla rejects congresses gayab poster against pm narendra modi
Published: 30 Apr 2025, 10:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented