ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഘര്‍ഷത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന് ജസ്റ്റിസ് രാകേഷ് കുമാര്‍ ജയിന്‍ മേല്‍നോട്ടം വഹിക്കും. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതി പുനഃസംഘടിപ്പിച്ചു.

To advertise here,

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാണ് രാകേഷ് കുമാര്‍ ജയിന്‍. 2007 ഡിസംബര്‍ 5 ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജയിന്‍ 2020 സെപ്റ്റംബര്‍ 30-ന് ആണ് വിരമിച്ചത്. കേസിന്റെ കുറ്റപത്രം നല്‍കുന്നത് വരെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. 

മൂന്ന് മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. എസ്.ബി.ശിരോദ്കര്‍, ദീപീന്ദര്‍ സിംഗ്, പദ്മജ ചൗഹാന്‍ എന്നീ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മൂന്ന് പേരും ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ ആണെങ്കിലും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണ്. 

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയതായും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ട മറ്റുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയ ശേഷമാകും കേസ് ഇനി സുപ്രീം കോടതി പരിഗണിക്കുക.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി. സമരക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഒരു മാധ്യമ പ്രവര്‍ത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിര്‍പുര്‍ റോഡില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിടത്താണ് സംഘര്‍ഷമുണ്ടായത്. 

Content Highlights: Farmers' Killing Probe: Ex High Court Judge To Monitor For "Impartiality"