മഹാരാഷ്ട്ര: വ്യാപകമായി തുടരുന്ന വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. ഇയാള്‍ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ല്‍ ഒരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

To advertise here,

വ്യാജസന്ദേശങ്ങളടങ്ങിയ ഇ-മെയിലുകള്‍ വന്നത് ഉയ്‌ക്കെയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. ഡിസിപി ശ്വേത ഖേട്കറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ജഗദിഷ് ഉയ്‌ക്കെയുടെ ഇ-മെയിലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയത്. 

പ്രധാനമന്ത്രിയുടെ ഓഫീസ്, എയര്‍ലൈന്‍ ഓഫീസുകള്‍ തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്കും റെയില്‍വെ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡിജിപി, ആര്‍പിഎഫ് എന്നിവര്‍ക്കും ജഗദിഷ് ഉയ്‌ക്കെ ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. 
  
ഒക്ടോബര്‍ 28 വരെയുള്ള 15 ദിവസങ്ങളില്‍ മാത്രം 410 വിമാനങ്ങള്‍ക്കാണ് ഇന്ത്യയില്‍ വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതില്‍ കൂടുതല്‍ സന്ദേശങ്ങളും സോഷ്യല്‍മീഡിയയിലൂടെയാണ് വന്നത്. 

വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന കുറ്റവാളികളെ വിമാനയാത്രയില്‍നിന്ന് ബാൻ ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാംമോഹന്‍ നായിഡു ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു.